കനാലിൽ നവജാതശിശുവിന്‍റെ മൃതദേഹം: മാതാവും കാമുകനും സുഹൃത്തും അറസ്റ്റിൽ
text_fieldsപ്രതികളായ മേഘ, മാനുവൽ, അമൽ
തൃശൂർ: പൂങ്കുന്നം എം.എൽ.എ റോഡ് കനാലിൽ നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുഞ്ഞിെൻറ മാതാവ് തൃശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എൽ.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലിൽ നവജാതശിശുവിെൻറ മൃതദേഹം സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ട് യുവാക്കൾ ബൈക്കിൽ വന്ന് സഞ്ചി ഉപേക്ഷിച്ച് പോകുന്നത് സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞതാണ് കേസിന് തുമ്പായത്.
അറസ്റ്റിലായ മേഘ എം.കോം ബിരുദധാരിയും തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയുമാണ്. മാനുവൽ പെയിൻറിങ് തൊഴിലാളിയാണ്. അയൽവാസികളായ മാനുവലും മേഘയും രണ്ടു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മേഘ ഗർഭിണിയായി. ഇത് വീട്ടുകാർ അറിയാതെ മറച്ചുവെച്ചു. വീടിെൻറ മുകളിലത്തെ മുറിയിൽ ഒറ്റക്കായിരുന്നു മേഘ കിടന്നുറങ്ങിയിരുന്നത്.
ശനിയാഴ്ച രാത്രി കിടപ്പുമുറിയിൽ വെച്ച് മേഘ പ്രസവിച്ച കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. പ്രസവിച്ച ഉടൻ മുറിയിൽ കരുതിവെച്ച വെള്ളം നിറച്ച ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ടു എന്നാണ് മേഘയുടെ മൊഴി. പിന്നീട് കുളിച്ച് വസ്ത്രങ്ങൾ മാറി, കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ചു. പിറ്റേന്ന് രാവിലെ 11ന് മൃതദേഹമടങ്ങിയ കവർ മാനുവലിനെ ഏൽപ്പിച്ചു. മാനുവലും സുഹൃത്ത് അമലും ചേർന്നാണ് മൃതദേഹമടങ്ങിയ സഞ്ചി കനാലിൽ ഉപേക്ഷിച്ചത്.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ മേൽനോട്ടത്തിൽ തൃശൂർ അസി. കമീഷണർ വി.കെ. രാജു, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എം.കെ. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ശിശുവിെൻറ ഡി.എൻ.എ പരിശോധന നടത്തി കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.