കാണാതായ യുവ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾ അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട സന്ദീപ്
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബില്ലിനെലെ ഗ്രാമത്തിൽ മുഗ്ളിബജലുവിൽ നിന്ന് കാണാതായ യുവ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. കർട്ടൻ വ്യാപാരി മുഗ്ളിബജലു സന്ദീപിന്റെ (29) ജഡമാണ് കുക്കെ സുബ്രഹ്മണ്യ റോഡിൽ വനത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നെട്ടനഡ ചെണ്ടെഹിതിലുവിലെ പ്രതീഖിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപിനെ കാണാതായത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചു, കൂട്ടു പ്രതികളെ തിരയുന്നില്ല എന്നീ ആക്ഷേപങ്ങൾ ഉന്നയിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. മുർഡലിൽ വിനയ് എന്നയാളുമായി ചേർന്ന് വ്യാപാരം ചെയ്യുന്ന സന്ദീപിനെ കഴിഞ്ഞ മാസം 27നാണ് കാണാതായത്. പ്രതീഖുമൊത്താണ് ഒടുവിൽ കണ്ടതെന്ന് വിനയ് സന്ദീപിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. സന്ദീപിനെ കാണാതായത് സംബന്ധിച്ച് പരാതി നൽകാൻ ചെന്ന മാതാവിനെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നാണ് പരാതി.
നാട്ടുകാർ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു
കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് നിർബന്ധത്തിന് വഴങ്ങി മൂന്നാം ദിവസം കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ പ്രതീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സന്ദീപിനെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതായി പൊലീസിന് മൊഴി നൽകി. വനത്തിൽ മൃതദേഹം പൊലീസിന് കാണിച്ചു കൊടുത്തു. അതേസമയം, പ്രതീഖിന് ഒറ്റക്ക് കൊല നടത്തി മൃതദേഹം വനത്തിൽ എത്തിക്കാൻ കഴിയില്ലെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തി. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ സംഘടിച്ച നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ആക്ഷേപം ഉന്നയിച്ചു. സന്ദീപിനെ കാണാതായ മുതൽ കുടുംബം സമീപിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റ് ശാരദയോ അംഗങ്ങളോ സഹായമോ സഹകരണമോ നൽകിയില്ല. കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

