കഴുത്തറ്റ മൃതദേഹം: പൊലീസിന്റെ അന്വേഷണ മികവിന് പൊൻതൂവൽ
text_fieldsമാനന്തവാടി: കഴുത്തറ്റ രീതിയിൽ പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാനായത് മാനന്തവാടി പൊലീസിന്റെ അന്വേഷണ മികവിന് പൊൻതൂവൽ. മരിച്ചത് കൊലപാതക കേസിലെ പ്രതിയുടെ വീട്ടിലെ തൊഴിലാളിയാണെന്ന് അറിഞ്ഞത് പൊലീസിന് കൂടുതൽ ജാഗ്രത പുലർത്താൻ പ്രേരണയേകി.
കേണിച്ചിറയിലെ തങ്കപ്പന്റെ വീട്ടിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന പാലക്കാട് ആലത്തൂർ അഞ്ചുമൂർത്തി തിന്നിലാപുരം സ്വദേശി സുലൈമാന്റെ മൃതദേഹമാണ് ദിവസങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് ബന്ധുക്കളെ ഏല്പിച്ച് പൊലീസ് മികവുകാട്ടിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ചങ്ങാടക്കടവ് പുഴയിൽ തലയറ്റ രീതിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പാലത്തിന്റെ കൈവരിയിൽ കയർ കെട്ടിയതും സമീപത്തുനിന്ന് പ്ലാസ്റ്റിക് സഞ്ചിയും ടോർച്ചും കണ്ടെത്തി. കൊലപാതക സാധ്യത തള്ളിക്കളയാതെയായിരുന്നു അന്വേഷണം മുന്നോട്ടുനീക്കിയത്.
മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേദിവസമായ വ്യാഴാഴ്ച രാത്രി മരിച്ചയാളുടേതെന്ന് തോന്നിക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. ജൂൺ 29ന് രാത്രി 8.30ന് പതിഞ്ഞ ദൃശ്യമായിരുന്നു ഇത്. ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് സ്ഥാപിച്ച കാമറയിലും സമീപത്തെ ബേക്കറിയിലുള്ളവർ സ്ഥാപിച്ച കാമറയിലും ഈ ദൃശ്യം പതിഞ്ഞിരുന്നു. മൃതദേഹത്തിൽനിന്ന് കിട്ടിയ വസ്ത്രങ്ങളും കാലിനേറ്റ പരിക്കുകൾ ഉൾപ്പെടെ സൂചനകളും പരിശോധിച്ച പൊലീസിന് സി.സി.ടി.വി.യിൽ കണ്ടെത്തിയ ആളും മരിച്ച ആളും ഒന്നാണെന്ന് വ്യക്തമായി. മരിച്ചത് കേണിച്ചിറയിലെ വീട്ടിൽ ജോലിക്ക് നിൽക്കുന്നയാളാണെന്ന വിവരവും ലഭിച്ചു.
ഈ വീടന്വേഷിച്ചപ്പോഴാണ് മുമ്പ് കേണിച്ചിറയിലുണ്ടായ മണി കൊലപാതകക്കേസിലെ പ്രതിയായ തങ്കപ്പന്റെയും മകൻ സുരേഷിന്റെയും വീട്ടിലെ തൊഴിലാളിയാണ് സുലൈമാൻ എന്ന് മനസ്സിലാക്കിയത്.
വീട്ടിലെ തൊഴിലാളിയായ മണിയെ കൊന്നശേഷം മൃതദേഹവുമായി തങ്കപ്പനും സുരേഷും പോകുന്നത് കണ്ട ദൃക്സാക്ഷി കൂടിയായിരുന്നു സുലൈമാൻ. ഈ വീട്ടിൽ തന്നെ രാജു എന്ന തൊഴിലാളിയും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പിന്നീട് പോലീസ് എത്തിയത്. അന്വേഷണത്തിൽ സുലൈമാന്റെ മരണകാരണം ആത്മഹത്യയാണെന്നും തങ്കപ്പനും കുടുംബത്തിനും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ പരിശോധനയ്ക്ക് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് അയച്ചത്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ആത്മഹത്യയെന്ന രീതിയിലായിരുന്നു. സുലൈമാന്റെ പിതാവിന്റെ സഹോദരൻ മൂസ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി ശനിയാഴ്ച മാനന്തവാടി പൊലീസിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വൈകീട്ടോടെ കോഴിക്കോട് സിറ്റിയിലുള്ള കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
അജ്ഞാതനായി മറവ് ചെയ്യപ്പെടേണ്ടി വരുമായിരുന്ന മൃതദേഹത്തിന് ബന്ധുക്കളെ കണ്ടെത്തി വിലാസമുണ്ടാക്കിയതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരിം, എസ്.ഐമാരായ രാംജിത്ത് പി. ഗോപി, എം. നൗഷാദ്, എ.എസ്.ഐമാരായ മെർവിൻ ഡിക്രൂസ്, കെ.വി. സജി, സിവിൽ പൊലീസ് ഓഫിസർമാരായ വി.കെ. രഞ്ജിത്ത്, കെ.കെ. അജീഷ്, ജെയ്മോൻ, ജാസിം ഫൈസൽ, പൊലീസ് ഡ്രൈവർ കെ.ബി. ബൈജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

