മരത്തിൽ ചങ്ങലക്കിട്ട മൃതദേഹം പുരുഷന്‍റേത്; ഇടതുകാലിന് വൈകല്യം, തലക്കും വാരിയെല്ലിനും മുറിവ്, കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
text_fieldsപുനലൂർ: കൊല്ലം പുനലൂരിൽ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ ജീർണിച്ച മൃതദേഹം പുരുഷന്‍റേതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇടതുകാലിന് അംഗവൈകല്യമുള്ള മധ്യവയസ്കനാണെന്നും കൊലപാതകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വാരിയെല്ലിൽ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. കൂടാതെ തലക്കും മുറിവേറ്റിട്ടുണ്ട്. വാരിയെല്ലിനും തലക്കും ഏറ്റ മുറിവാണ് മരണകാരണം. പിച്ചാത്തി ഉപയോഗിച്ചാണ് മുറിവേൽപിച്ചിട്ടുള്ളത്. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മറ്റെവിടെയോ നിന്നും മുക്കടവിലെ തോട്ടത്തിൽ എത്തിച്ചു മൃഗീയമായി കൊന്നതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചങ്ങലയിൽ ബന്ധിപ്പിച്ച് കൊല ചെയ്താണോ അതല്ല കൊന്ന ശേഷം ചങ്ങലയിൽ ബന്ധിപ്പിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഒന്നിലധികം ആളുകൾ ഉണ്ടെങ്കിലേ ഇത്തരം ഒരു കൊലപാതകം നടത്താൻ കഴിയുകയുള്ളു.
ശാസ്ത്രീയമായ അന്വേഷണത്തിന്‍റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ദരും മെറ്റൽ ഡിറ്റക്ടർ സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ എത്തിയ മെറ്റൽ ഡിറ്റക്ടർ സംഘം മൃതദേഹം ബന്ധിപ്പിച്ചിരുന്ന ചങ്ങലയിലെ പൂട്ടിന്‍റെ താക്കോൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് തെരച്ചിൽ നടത്തി. സമീപത്ത് പരിശോധന നടത്തിയെങ്കിലും താക്കോൽ ലഭിച്ചില്ല.
പരിശോധനക്ക് എത്തിയ പൊലീസ് നായ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്നും മണംപിടിച്ച് വന്മള ഭാഗത്ത് വരെയെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കാടുമൂടി കിടക്കുന്ന റബർ തോട്ടം മുഴുവൻ അന്വേഷണ സംഘം പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്ത് നിന്നും കീറിയ സ്കൂൾ ബാഗും ഒഴിഞ്ഞ കന്നാസും മറ്റും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൃത്യത്തിന് പിന്നിലെന്ന് വ്യക്തമാണ്.
മുക്കടവ് പാലത്തിന് സമീപത്ത് നിന്നും വന്മള റോഡിലൂടെ അര കിലോമീറ്ററോളം സഞ്ചരിച്ചാലെ വലിയ ഉയരത്തിലുള്ള ഈ തോട്ടത്തിൽ എത്താൻ കഴിയുകയുള്ളു. ടാപ്പിങ് മുടങ്ങിയതിനാൽ കാടുമൂടിയ തോട്ടത്തിന്‍റെ മുകൾ ഭാഗത്ത് എന്ത് നടന്നാലും പരിസരങ്ങളിലൊന്നും അറിയുകയില്ല. മൃതദേഹം ആദ്യം കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഉൾപ്പെടെ പരിസരത്തുള്ള ചിലരിൽ നിന്നും പൊലീസ് കുടൂതൽ വിവരങ്ങൾ ശേഖരിച്ചു.
മരിച്ച ആളിനെ തിരിച്ചറിയുന്നതിനായി അടുത്തകാലത്ത് പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള മാൻമിസിങ് കേസുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. പുനലൂർ പൊലീസിൽ അടുത്തിടെ ഇത്തരത്തിലുള്ള മാൻമിസിങ് കേസുകളില്ല. ഇത് സംബന്ധിച്ച് മറ്റ് സ്റ്റേഷനുകളിലും അറിയിപ്പ് നൽകി. മൃതദേഹത്തിന്‍റെ കഴുത്തിൽ നിന്നും കണ്ടെടുത്ത സ്വർണമാലയിൽ ഇത് വാങ്ങിയ കടയെകുറിപ്പ് എന്തെങ്കിലും സൂചന ഉണ്ടോയെന്നും പരിശോധിച്ചു വരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്നലെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെ നടത്തി ആളെ കണ്ടെത്താനാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊട്ടാരക്കര ഡിവൈ.എസ്.പി ബിജോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെയാണ് പുനലൂർ മുക്കടവ് പാലത്തിന് സമീപം ആളുകേറാമലയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ ജീർണിച്ച അജ്ഞാത മൃതദേഹം കണ്ടെത്തിയത്. റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പ്രദേശവാസികളായ ചിലർ തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.
കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുക്കടവ് പാലത്തിന് സമീപത്ത് നിന്നും അര കിലോമീറ്റർ അകലെയാണ് ഒറ്റപ്പെട്ട റബർ തോട്ടമുള്ളത്. അടുത്ത കാലത്തായി ടാപ്പിങ് ഇല്ലാത്ത തോട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

