വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ മൃതദേഹം; ഒന്നര വർഷം മുമ്പ് കാണാതായ ആളുടേതെന്ന് സംശയം, പുറത്തെടുക്കാൻ ശ്രമം തുടങ്ങി
text_fieldsഹേമചന്ദ്രൻ, തിരച്ചിൽ നടത്തിയ സംഘം
കോഴിക്കോട്: ഒരു വർഷം മുമ്പ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം വയനാട്-തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടിക്ക് സമീപം കാട്ടിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കോഴിക്കോട് മുണ്ടിക്കൽതാഴത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന സുൽത്താൻ ബത്തേരി വിനോദ് ഭവനിലെ ഹേമചന്ദ്രന്റെ (53) മൃതദേഹമാണ് മെഡിക്കൽ കോളജ് അസി. പൊലീസ് കമീഷണർ ഉമേഷിന്റെ നേതൃത്വത്തിലെ സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പുറത്തെടുത്തത്.
രണ്ടു പേർഅറസ്റ്റിലായ കേസിൽ വിദേശത്തുള്ള പ്രതിയെ തിരയുകയാണ്. ഒരാഴ്ച മുമ്പാണ് തട്ടിക്കൊണ്ടുപോകലിലെ പ്രതികളായ ജ്യോതിഷ്കുമാർ, ബി.എസ്. അജേഷ് എന്നിവർ അറസ്റ്റിലായത്. ചിട്ടി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെതുടർന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ചേരമ്പാടിക്കടുത്ത് ഗൂഡല്ലൂർ-പന്തല്ലൂർ-വൈത്തിരി അന്തർസംസ്ഥാന പാതയോരത്തെ വനത്തിലെ ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.
2024 മാർച്ച് 20ന് ആണ് ഹേമചന്ദ്രനെ വാടക വീട്ടിൽനിന്ന് കാണാതായത്. ഇയാൾ കുറച്ചുകാലം സൈന്യത്തിൽ ജോലിചെയ്തിരുന്നു. ഭാര്യ സുഭിഷയുടെ പരാതിയിൽ ഏപ്രിൽ ഒന്നിന് മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹേമചന്ദ്രൻ നിരവധി പേരുമായി സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തി.
മെഡി. കോളജ് ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിലെ സംഘം ഫോൺ രേഖകൾ പരിശോധിച്ചതിൽനിന്ന് കണ്ണൂർ സ്വദേശിയായ പെൺസുഹൃത്ത് വിളിച്ചതുപ്രകാരം വീട്ടിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോയതായി മനസ്സിലാക്കി. അവിടെനിന്ന് ഹേമചന്ദ്രനെ സുൽത്താൻ ബത്തേരി സ്വദേശികളായ ജ്യോതിഷ്കുമാർ, ബി.എസ്. അജേഷ് എന്നിവർ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് കൊലപ്പെടുത്തിയതായി തെളിഞ്ഞത്.
ഹേമചന്ദ്രനെ കർണാടക-തമഴിനാട് ഭാഗത്ത് കൊണ്ടുപോയി ദേഹോപദ്രവംചെയ്ത് തടവിൽ പാർപ്പിക്കുകയായിരുന്നെന്ന് പ്രതികൾ സമ്മതിച്ചു. മരിച്ചതോടെ ആനശല്യമുള്ള പ്രദേശമായ ചേരമ്പാടിയിൽ വനപാതയോരത്തെ ചതുപ്പിൽ മൃതദേഹം കുഴിച്ചിട്ടു. നൗഷാദ് എന്ന പ്രതിയെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വിദേശത്താണെന്നാണ് സൂചന.
ജോതിഷുമായി ശനിയാഴ്ച രാവിലെ എ.സി.പി ഉമേഷിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡുമായി പൊലീസ് സംഘം ചേരമ്പാടിയിലെത്തി. ഗൂഡല്ലൂർ ആർ.ഡി.ഒ ഗുണശേഖരൻ, ദേവാല ഡിവൈ.എസ്.പി ജയപാലൻ തഹസിൽദാർ സിറാജി നിഷ, എ.സി.എഫ് കറുപ്പസ്വാമി എന്നിവരുടെ സാന്നിധ്യത്തിൽ ചേരമ്പാടി പൊലീസിന്റെയും വനപാലകരുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഉച്ചക്കു ശേഷം മൃതദേഹം കണ്ടെത്തിയത്. ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാട്ടിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

