തക്കാളി, കാബേജ്, വഴുതന... ഒപ്പം നോട്ടുകെട്ടുകളും; പൊലീസിനെ സഹായിച്ചത് ഒറ്റുകാർ
text_fieldsകുഴൽപണം കണ്ടെടുത്ത ലോറി
സുൽത്താൻ ബത്തേരി: തക്കാളി, കാബേജ്, വഴുതന, കക്കിരി, ഉള്ളി എന്നിങ്ങനെ പച്ചക്കറികളുടെ വൻ ശേഖരവുമായാണ് വ്യാഴാഴ്ച വൈകീട്ട് പിക്ക്അപ്പ് മൂലഹള്ളി ചെക്ക് പോസ്റ്റിന് മുന്നിലൂടെ അതിർത്തി കടന്ന് പൊൻകുഴിയിലെത്തിയത്. ഒരു സംശയവും തോന്നാത്ത രീതിയിൽ ലോഡുമായി എത്തിയ വാഹനത്തിൽ കോടികൾ ഉണ്ടെന്ന കാര്യം പൊലീസിന് വ്യക്തമായിരുന്നു.
കുഴൽപണക്കാർ തമ്മിലുള്ള കുടിപ്പകയുടെ കഥകളാണ് ഇവിടെ പുറത്തുവരുന്നത്. പച്ചക്കറി വണ്ടിയിലെ കോടികളെക്കുറിച്ചുള്ള രഹസ്യവിവരം പൊലീസിന് ഒറ്റിയത് കുഴൽപണക്കാർക്കിടയിലെ ഗ്രൂപ്പുകൾ തന്നെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
മിനി ലോറി കാര്യമായി പരിശോധിച്ചാലും ഡ്രൈവറുടെ കാബിനടുത്തെ രഹസ്യ അറ കണ്ടെത്താൻ പ്രയാസമായിരുന്നു. ഒന്നേമുക്കാൽ കോടിയോളം വരുന്ന അഞ്ഞൂറിെൻറ നോട്ടുകെട്ടുകൾ ഈ അറയിൽ ഒളിപ്പിച്ച് പിറകിൽ പച്ചക്കറി കുത്തിനിറച്ച് വരുന്ന വാഹനം ചെക്ക് പോസ്റ്റുകൾ കടക്കുമെന്ന് പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഉറപ്പായിരുന്നു. പച്ചക്കറി ചാക്കുകളിൽ ഒളിപ്പിക്കാതെ ലോറിയിൽത്തന്നെ പ്രത്യേക അറ സജ്ജീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിട്ടുണ്ട്.
മുമ്പൊക്കെ ലോറി പരിശോധിക്കുമ്പോൾ പച്ചക്കറികൾക്കിടയിലായിരുന്നു പണവും മറ്റും കണ്ടെത്തിയിരുന്നത്. അതിനാൽ പിടിക്കപ്പെട്ട പിക്ക്അപ്പ് ലോറി മുമ്പ് എത്ര തവണ അതിർത്തി കടന്നിട്ടുണ്ടെന്ന വിവരം സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പരിശോധിക്കുമെന്ന് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ പറഞ്ഞു.
വ്യാഴാഴ്ച പിടിയിലായ ആറ്റക്കോയയും മുസ്തഫയും കൊടുവള്ളി സ്വദേശികളാണ്. അതിനാൽ കുഴൽപ്പണത്തിെൻറ ഉടമസ്ഥർ കൊടുവള്ളിക്കാരാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. പച്ചക്കറി വണ്ടി യാത്ര തുടങ്ങിയത് മൈസൂരുവിൽ നിന്നാണ്. കൊടുവള്ളിയിലും കർണാടകയിലുമാണ് വലിയ കണ്ണികളുള്ളതെങ്കിലും പച്ചക്കറിയുമായി എത്തിയവർ വെറും കടത്തുകാർ മാത്രമാണെന്ന് പൊലീസ് കരുതുന്നില്ല.
വയനാട് ഉൾപ്പെടെ മലബാറിലെ വിവിധ ജില്ലകളിലേക്ക് കർണാടകയിൽനിന്നും പൊൻകുഴി, മുത്തങ്ങ വഴി ദിവസവും നിരവധി ലോഡ് പച്ചക്കറികൾ എത്തുന്നുണ്ട്. കാര്യമായ പരിശോധനയില്ലാതെയാണ് ഒട്ടുമിക്ക ലോഡും എത്തുന്നത്. കുത്തിനിറച്ച ലോഡ് ഇറക്കി പരിശോധിക്കുക പ്രായോഗികമല്ലാത്തതാണ് കാരണം. രഹസ്യവിവരം ഇല്ലായിരുന്നുവെങ്കിൽ വ്യാഴാഴ്ച തന്നെ പച്ചക്കറി ലോറി കൊടുവള്ളിയിൽ എത്തുമായിരുന്നു.
പിടികൂടിയ ഒന്നേമുക്കാൽ കോടിയിൽ ഒരു കള്ളനോട്ട്
സുൽത്താൻ ബത്തേരി: വ്യാഴാഴ്ച പൊൻകുഴിയിൽനിന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന 1.73 കോടി രൂപയിൽ ഒരു 500 രൂപ കള്ളനോട്ട്. ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറാണ് ഇക്കാര്യം സുൽത്താൻ ബത്തേരിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചത്. പിടിച്ചെടുത്ത കാശിൽ 90 ശതമാനവും 500ന്റെ കെട്ടുകളാണ്. ബാക്കി 100, 50 എന്നിങ്ങനെയാണ്. ഇതിൽ ഒരു നോട്ടാണ് യഥാർഥ നോട്ടല്ലെന്ന് സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ചും കേസെടുത്തിട്ടുണ്ട്.