ബി.ജെ.പി നേതാവിന്റെ മകൻ ഹൈഡ്രോ കഞ്ചാവുമായി നവി മുംബൈയിൽ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഹൈഡ്രോ-കഞ്ചാവ് വിൽപന നടത്തിയതിന് ബി.ജെ.പിയുടെ ഭാരത് രക്ഷാ മഞ്ച് ദേശീയ പ്രസിഡന്റ് ബീന ഗോഗ്രിയുടെ മകൻ കെയൂർ ജയേഷ് ഗോഗ്രിയെ (29) നവി മുംബൈ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സെൽ അറസ്റ്റ് ചെയ്തു. ഖാർഘർ സെക്ടർ 19 ലെ വസതിയിൽ നടത്തിയ റെയ്ഡിൽ 5,000 രൂപ വിലമതിക്കുന്ന 800 മില്ലിഗ്രാം ഹൈഡ്രോ-കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ആന്റി നാർകോട്ടിക് സെല്ലിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ സന്ദീപ് നിഗഡെയുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 30ന് ഖാർഘറിലെ ശിവസായ് ബിൽഡിങ് റെയ്ഡ് ചെയ്യുകയും ഗോഗ്രിയുടെ അപ്പാർട്മെന്റിൽനിന്ന് പ്ലാസ്റ്റിക് പാക്കറ്റുകൾ, ഒരു ക്രഷർ, ഒരു തൂക്കം അളക്കുന്ന സ്കെയിൽ എന്നിവ പൊലീസ് കണ്ടെടുത്തു.
കൂടുതൽ പരിശോധനയിൽ കെയൂറിന്റെ കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലും കഞ്ചാവ് കണ്ടെത്തി.ഗോഗ്രിയുടെ രണ്ട് സുഹൃത്തുക്കൾ തായ്‌ലൻഡിൽനിന്ന് അനധികൃതമായി മയക്കുമരുന്ന് കടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ബാന്ദൂപ് നിവാസിയായ തന്റെ സുഹൃത്ത് ഷാരിഖിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഗോഗ്രി സമ്മതിച്ചു. അയാൾ തായ്‌ലൻഡിൽനിന്ന് കടത്തിക്കൊണ്ടുവന്നതാണ്. ചിലപ്പോൾ ഉൽവെ നിവാസിയായ നോമാനിൽ നിന്നും കഞ്ചാവ് വാങ്ങാറുണ്ടെന്നും കെയൂർ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
ഖാർഘർ പ്രദേശത്തെ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് വിൽക്കാൻ ഉദ്ദേശിച്ചിരുന്നതായി അദ്ദേഹം സമ്മതിച്ചു.പിടികൂടിയതിനെത്തുടർന്ന്, ഖാർഘർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കൈവശംവെച്ചതിന് (എൻഡിപിഎസ്) നിയമപ്രകാരം ആന്റി-നാർകോട്ടിക് സെൽ കേസ് രജിസ്റ്റർ ചെയ്തു, തുടർന്ന് ഗോഗ്രിയെ അറസ്റ്റ് ചെയ്തു.തായ്‌ലൻഡ് ആസ്ഥാനമായുള്ള മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള രണ്ട് വിതരണക്കാർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പിടിച്ചെടുത്ത ഹൈഡ്രോ-കഞ്ചാവിന് തായ്‌ലൻഡുമായി വ്യക്തമായ അന്താരാഷ്ട്ര ബന്ധമുണ്ട്. ഈ കള്ളക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി ആന്റി-നാർകോട്ടിക് സെല്ലിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ സന്ദീപ് നിഗഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

