തട്ടിപ്പ് നടത്തി ഒളിവിൽ പോയ ബൈക്ക് മോഷ്ടാവ് പിടിയിൽ
text_fieldsജീമോൻ സെബാസ്റ്റ്യൻ
ആലുവ: തുടർച്ചയായി താവളം മാറിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നര മാസത്തോളം വിടാതെ പിന്തുടർന്ന് പൊലീസ് പിടികൂടി. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യനാണ് (26) ആലുവ പൊലീസിെൻറ വലയിൽ കുടുങ്ങിയത്. സെപ്റ്റംബർ 23ന് തോട്ടക്കാട്ടുകരയിൽ ആനന്ദെൻറ കടയിൽനിന്ന് സിനിമ ഷൂട്ടിങ്ങിെനന്ന് പറഞ്ഞ് ഇയാൾ 6000 രൂപയുടെ സിഗരറ്റ് വാങ്ങി. പണം ചോദിച്ചപ്പോൾ കടയുടമയെ മർദിച്ചു വീഴ്ത്തിയശേഷം സാധനങ്ങളുമായി കടന്നുകളഞ്ഞു.
തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാൾ താവളം മാറിക്കൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ജീമോനെ പ്രത്യേക അന്വേഷണസംഘം ഞാറക്കലിൽ വളഞ്ഞ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇടപ്പള്ളി ടോളിൽനിന്ന് മൂന്ന്, അരൂരിൽനിന്ന് ഒന്ന്, എറണാകുളം നോർത്തിൽനിന്ന് ഒന്ന്, ആലുവയിൽനിന്ന് ഒന്ന് വീതം ബൈക്കുകൾ മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചു.
തോട്ടക്കാട്ടുകരയിലെ കടയിലെത്തിയത് ലിസി ജങ്ഷനിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണ്. ഇതുകൂടാതെ ഇരുപതോളം മോഷണ, കഞ്ചാവ് കേസുകളിലെ പ്രതിയാണ്. തുണിക്കടയിലെത്തി പുതിയ വസ്ത്രങ്ങൾ ധരിച്ചുനോക്കി പണം വണ്ടിയിൽനിന്ന് എടുത്തുതരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങുന്നതും ഇയാളുടെ പതിവാണ്. അടുത്തിടെയായി ഇരുപതോളം കടകളിൽനിന്ന് ഇങ്ങനെ വസ്ത്രങ്ങൾ അടിച്ചുമാറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, രാജേഷ് കുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.