ബാങ്കിന് മുന്നില്‍ നിർത്തിയ സ്കൂട്ടറുമായി മോഷ്ടാവ് കടന്നു; 1.70 ലക്ഷം രൂപയും നഷ്ടമായി
text_fieldsതിരുവല്ല: ബാങ്കിന് മുന്നില്‍ താക്കോലിട്ട് വെച്ച സ്കൂട്ടറുമായി മോഷ്ടാവ് കടന്നു. സ്കൂട്ടറിന്റെ ബോക്സില്‍ സൂക്ഷിച്ച 1.70 ലക്ഷം രൂപയും നഷ്ടമായി. പൊടിയാടി ചിറപ്പറമ്പില്‍ തോമസ് എബ്രഹാമിന്റെ സ്കൂട്ടറും പണവുമാണ് നഷ്ടമായത്. തിങ്കളാഴ്ച ഉച്ചക്ക് 12.20ന് പൊടിയാടി ജങ്ഷനിലെ കാനറ ബാങ്കിന് മുന്നിലാണ് സംഭവം. സഹകരണ ബാങ്കിലെ വായ്പ തിരിച്ചടക്കാൻ പണയംവെച്ചും സഹോദരനില്‍നിന്ന് കടം വാങ്ങിയുമാണ് 1.70 ലക്ഷം രൂപയുമായി ഷാജി സ്കൂട്ടറില്‍ വന്നത്. കാനറ ബാങ്കിലേക്ക് കയറിപ്പോയ മകനെ തിരക്കി ഷാജിയും അകത്തേക്ക് ചെന്നു. അതിവേഗം മടങ്ങിവരാമെന്ന് കരുതി സ്കൂട്ടറില്‍തന്നെ ഹെല്‍മറ്റും താക്കോലുമിട്ടിരുന്നു. മകനെയും വിളിച്ച് പുറത്തിറങ്ങി വന്നപ്പോഴാണ് സ്കൂട്ടര്‍ മോഷണംപോയ വിവരം അറിഞ്ഞത്. പുളിക്കീഴ് പൊലീസില്‍ പരാതി നല്കി. പൊലീസ് സംഘം ഉടന്‍ സ്ഥലത്തുവന്ന് അന്വേഷണം തുടങ്ങി. സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.

