'കിഡ്നി വിറ്റ് ബൈക്ക് വാങ്ങും' ബൈക്ക് സ്റ്റണ്ടിങ്ങിനെതുടർന്ന് യുവാവിനെ പിടികൂടിയപ്പോഴാണ് മാതാപിതാക്കളുെട ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
text_fieldsകോട്ടയം: ബി.ബി.എ വിദ്യാർഥി സ്പോർട്സ് ബൈക്ക് വാങ്ങിയത് കിഡ്നി വിൽക്കുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി. കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷൻ റോഡിൽ ബൈക്ക് സ്റ്റണ്ടിങ്ങിനെതുടർന്ന് യുവാവിനെ പിടികൂടിയപ്പോഴാണ് മാതാപിതാക്കളുെട ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.
നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ലോഗോസ് ഭാഗത്തേക്കുള്ള റോഡിലായിരുന്നു മുൻചക്രങ്ങൾ ഉയർത്തി യുവാവിെൻറ അഭ്യാസപ്രകടനം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഡിയോ പകർത്തുകയും ഇരുവരും ചേർന്ന് വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇടുകയും ചെയ്തു. വിഡിയോ കണ്ട മോട്ടോർ വാഹന വകുപ്പ് ഉടൻ യുവാവിനെ തേടിയിറങ്ങി. അന്വേഷണത്തിൽ അയ്മനം സ്വദേശിയായ ബി.ബി.എ വിദ്യാർഥിയുടേതാണെന്ന് കണ്ടെത്തി. തുടർന്നു എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടോജോ എം.തോമസിെൻറ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇയാളുടെ വീട്ടിലെത്തി. പിതാവിനൊപ്പം എൻഫോഴ്സ്മെൻറ് ആർ.ടി ഓഫിസിൽ ഹാജരായ യുവാവിെൻറ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കോട്ടയം ആർ.ടി.ഒ ആണ് വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത്. മകൻ വാശിപിടിച്ചതിനെ തുടർന്നാണ് ബൈക്ക് വാങ്ങിനൽകിയതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് യുവാവിെൻറ മാതാപിതാക്കൾ പറഞ്ഞു. പ്രമുഖ സ്പോർട്സ് ബൈക്ക് തന്നെ വാങ്ങിനൽകിയില്ലെങ്കിൽ, കിഡ്നി വിറ്റ് വാങ്ങുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തുടർന്നാണ് നൽകിയത്. മകൻ ഈ ബൈക്ക് ഉപഭോക്താക്കളുടെ കൂട്ടായ്മയിൽ അംഗമാണെന്നും ഇതിൽനിന്ന് പിന്തിരിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അടുത്തിടെ ബൈക്ക് വാങ്ങിനൽകാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവുമുണ്ട്.