നാല് ദിവസത്തെ നരകയാതന; യുവതിയെ തടഞ്ഞുവെച്ച് മർദിച്ച് ദൃശ്യങ്ങൾ പകർത്തിയ വനിതകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsബംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബംഗളൂരുവിൽ 30 കാരിക്ക് ക്രൂരപീഡനം. യുവതിയെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും നഗ്നയാക്കി നാല് ദിവസം തടഞ്ഞുവെക്കുകയും ചെയ്തതായാണ് പരാതി. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത് ബീഗം, രേഷ്മ ബാനു, ഇവരുടെ ഭർത്താവ് സുഹൈൽ എന്നിവരാണ് പിടിയിലായത്. സൈഫ് എന്നയാളാണ് കേസിലെ മറ്റൊരു പ്രതി.
ഒരു വർഷം മുൻപ് രേഷ്മയിൽ നിന്ന് യുവതി ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ ആറ് മാസമായി ഇതിന്റെ തിരിച്ചടവ് മുടങ്ങി. ഇതിനുപുറമെ, രേഷ്മ വഴി പരിചയപ്പെട്ട നസ്രത്തിൽ നിന്നും യുവതി 50,000 രൂപ കൂടി കടം വാങ്ങിയിരുന്നു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഈ തുകയും അടക്കാൻ സാധിക്കാതെ വന്നതോടെ നാല് മാസമായി തിരിച്ചടവ് പൂർണമായി നിലച്ചു. തുടർന്ന് രേഷ്മയുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്യുകയും, ഉപദ്രവങ്ങൾ ഭയന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തു.
ആഗസ്റ്റ് 27 നാണ് സംഭവങ്ങളുടെ തുടക്കം. ജോലിയും പണവും വാഗ്ദാനം ചെയ്ത് നസാത് യുവതിയെ മെട്രോ ലേ ഔട്ടിലെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മകനൊപ്പം വൈകീട്ട് 5.30ഓടെ യുവതി അവിടെയെത്തി. ഇതിന് പിന്നാലെ രേഷ്മയും സുഹൈലും മറ്റ് രണ്ട് പേരും വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ മർദിച്ചെന്നാണ് പരാതി.
പ്രതികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും യുവതിയുടെ മൊബൈൽ ഫോൺ തകർക്കുകയും പലിശ സഹിതം 11 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവതിയെയും കുട്ടിയെയും നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി രാത്രി ഏഴ് മണിയോടെ ബംഗളൂരു നഗരത്തിന് പുറത്ത് കുമ്പൽഗോഡുവിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഈ വീടിന്റെ ഒന്നാം നില രേഷ്മയുടേതാണ്. അവിടെ വെച്ച് യുവതിയെ അടിക്കുകയും അസഭ്യം പറയുകയും മുറിയിൽ അടച്ചുപൂട്ടുകയും ചെയ്തു. പണം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആഗസ്റ്റ് 29-ന് പ്രതികൾ യുവതിയെ നിർബന്ധിച്ച്, വസ്ത്രം ധരിപ്പിക്കാതെ ഭാഗിക നഗ്നയാക്കി മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ ഈ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

