ഒളിച്ചോടാൻ നിർബന്ധിച്ചതിന് കൗമാരക്കാരൻ അടുത്ത ബന്ധുവിനെ കുത്തിക്കൊന്നു
text_fieldsബംഗളൂരു: ഒളിച്ചോടാൻ വേണ്ടി നിർബന്ധിച്ചതിനെ തുടർന്ന് 17കാരൻ അടുത്ത ബന്ധുവായ യുവതിയെ കൊലപ്പെടുത്തി. യുവതിയുടെ ബംഗളൂരുവിലെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
യുവതിയും കൗമാരക്കാരനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഒളിച്ചോടാൻ വേണ്ടി ആവശ്യപ്പെട്ടപ്പോൾ എതിർത്തുവെന്നും പൊലീസ് പറഞ്ഞു. ഇതിന്‍റെ ദേഷ്യത്തിൽ യുവതി കത്രിക ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ കത്രിക പിടിച്ചുവാങ്ങിയ ആൺകുട്ടി യുവതിയെ കുത്തി. ബെഡ്ഷീറ്റിന് തീകൊളുത്തിയ ശേഷമാണ് പ്രതി രക്ഷപെട്ടത്.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടത്. 15ലേറെ കുത്തേറ്റ പാടുകൾ ശരീരത്തിലുണ്ടായിരുന്നു.
ബന്ധുവായ ആൺകുട്ടിയുമായുള്ള ബന്ധമറിഞ്ഞ ഭർത്താവ് യുവതിയുമായി വഴക്കിട്ടിരുന്നു. െകാലപാതകം നടക്കുന്ന സമയം ഭർത്താവ് ജോലി സ്ഥലത്തായിരുന്നു. ഉച്ചക്ക് ശേഷമാണ് കൗമാരക്കാരൻ യുവതിയെ കാണാൻ വന്നതെന്ന് പൊലീസ് പറഞ്ഞു.
ഭർത്താവ് ബന്ധമറിഞ്ഞതിനെ തുടർന്നാണ് കൗമാരക്കാരനൊപ്പം നാടുവിടാൻ വേണ്ടി യുവതി തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ കൗമാരക്കാരനെ ജുവനൈൽ ഹോമിലേക്കയച്ചു.