പ്രണയത്തിലായിരുന്ന സ്ത്രീ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; 40കാരിയെ കുത്തിക്കൊലപ്പെടുത്തി ആൺസുഹൃത്ത്
text_fieldsബംഗളുരു: പെൺസുഹൃത്ത് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തതിനാൽ കുത്തി കൊലപ്പെടുത്തി ആൺസുഹൃത്ത്. വെള്ളിയാഴ്ച വടക്കൻ ബംഗളൂരുവിലെ കെ.ജി ഹള്ളി പ്രദേശത്തെ പിള്ളണ്ണ ഗാർഡന് സമീപമാണ് കൊലപാതകം നടന്നത്. സ്ത്രീയുമായി പ്രണയത്തിലായിരുന്നു പ്രതി. ഇവർ തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവാഹമോചിതയായ സ്ത്രീ വീട്ടുജോലിക്കാരിയാണ്. 43 വയസ്സുള്ള വിവാഹിതനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. രഹസ്യമായി ഇവർ തമ്മിൽ ബന്ധം തുടർന്നുവെങ്കിലും ഭാര്യയെ ഉപേക്ഷിച്ച് ബന്ധം ഔപചാരികമാക്കണമെന്ന് സ്ത്രീ നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇയാൾ സ്ത്രീയെ വിവാഹം കഴിക്കാൻ തയാറായിരുന്നില്ല.
വെള്ളിയാഴ്ച പില്ലന്ന ഗാർഡന് സമീപം വെച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പെൺ സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ തർക്കം ഉടലെടുത്തു. തുടർന്ന് ഇയാൾ കത്തിയെടുത്ത് സ്ത്രീയെ നിരവധി തവണ കുത്തുകയും പിന്നീട് ഓടി രക്ഷപ്പെടുകയുമായിരുന്നു.
ആളുകൾ ഓടിയെത്തി സ്ത്രീയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രതിയെ പിന്നീട് കെ.ജി ഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

