കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് 2.57 കോടി തട്ടിയെടുത്തു; യുവാവ് പിടിയിൽ
text_fieldsമോഹൻ കുമാർ
ബംഗളൂരു: കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2.57 കോടി തട്ടിയെടുത്ത യുവാവ് ബംഗളൂരുവിൽ അറസ്റ്റിലായി. ബംഗളൂരു സ്വദേശിയായ മോഹൻ കുമാറാണ് പിടിയിലായത്. ആൺസുഹൃത്ത് ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ബംഗളൂരു സ്വദേശിനി ക്രൈംബാഞ്ചിന് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് പിടിയിലായത്.
പരാതിക്കാരിയും പ്രതിയും ഒരേ ബോർഡിങ് സ്കൂളിൽ പഠിച്ചവരാണ്. സ്കൂൾ കാലത്തിനു ശേഷം ഇരുവരും തമ്മിൽ അടുത്തിടെയാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് ഇവർ പ്രണയത്തിലാകുകയായിരുന്നു. ഒരുമിച്ച് യാത്ര ചെയ്യുന്നതനിടെ ഹോട്ടൽ മുറിയിൽവെച്ച് ഇയാൾ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത്.
നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് പ്രതി യുവതിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ആദ്യം മുത്തശ്ശിയുടെ അക്കൗണ്ടിൽനിന്ന് ഒന്നേകാൽ കോടി ട്രാൻഫർ ചെയ്യുകയും പിന്നീട് പലതവണയായി ഒന്നേമുക്കാൽ കോടി കാഷ് ആയും കൈമാറുകയായിരുന്നു. വീണ്ടും പണവും വിലപിടിപ്പുള്ള കാറും വാച്ചുമുൾപ്പെടെ ആവശ്യപ്പെട്ടതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈയിൽനിന്ന് പൊലീസ് 80 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ശേഷിച്ച പണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മുൻകൂട്ടി പ്ലാൻ ചെയ്തതു പ്രകാരമാണ് പ്രതി കുറ്റം ചെയ്തതെന്നും കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

