പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിലേക്ക് കടന്ന ബംഗാളി യുവാവ് റിമാൻഡിൽ
text_fieldsനാദാപുരം: ബംഗാളിൽനിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിലേക്ക് കടന്ന യുവാവ് റിമാൻഡിലായി. കല്ലാച്ചി ഐശ്വര്യ ക്വാർട്ടേഴ്സിൽ താമസക്കാരനും പശ്ചിമബംഗാൾ 24 ഫർഗാന ജില്ലക്കാരനുമായ അബാസുദ്ദീൻ മണ്ഡൽ (31) ആണ് റിമാൻഡിലായത്.
ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി നാട്ടിൽനിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കല്ലാച്ചിയിലെ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിച്ചുവരുകയായിരുന്നു. ബന്ധുക്കൾ ദേശീയ ബാലാവകാശ കമീഷനും പൊലീസിനും പരാതി നൽകിയിരുന്നു. തുടർന്ന് ബംഗാൾ പൊലീസ് ഇവർ കേരളത്തിൽ ഉണ്ടെന്നവിവരം കോഴിക്കോട് റൂറൽ എസ്.പിക്കും ജില്ല ബാലാവകാശ കമീഷനും കെമാറുകയായിരുന്നു. എസ്.പിയുടെ നിർദേശപ്രകാരം നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് കല്ലാച്ചിയിൽ ഇവർ താമസിക്കുന്ന ഐശ്വര്യ ക്വാർട്ടേഴ്സിൽനിന്ന് പിടികൂടിയത്.
പെൺകുട്ടിയെ വെള്ളിമാട്കുന്ന് ജുവൈനൽ ഹോമിലേക്ക് മാറ്റി. മണ്ഡൽ വർഷങ്ങളായി ഇവിടെ കൂലിപ്പണി എടുത്തുവരുകയായിരുന്നു.