ഫോൺ ചോർത്തി, മോഷ്ടാക്കളെന്നും സംശയം: യുവാക്കളെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമർദനം, ഒരാളുടെ മരണത്തിന് പിന്നാലെ ‘ബോഡി ബിൽഡർ’ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഫോൺ ചോർത്തിയെന്നും മോഷ്ടാക്കളെന്നും സംശയിച്ച് യുവാക്കളെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഡൽഹി സ്വദേശിയായ ഇർഷാദ് (31) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശി തമ്മന്നേയാണ് കൊല്ലപ്പെട്ടത്. മർദനമേറ്റ മറ്റൊരു യുവാവിനെ കാണാതായതായും ഡൽഹി പൊലീസ് അറിയിച്ചു.
ഡൽഹിയിലെ ഷൂ നിർമാണ ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു മർദനമേറ്റ യുവാക്കൾ ഇരുവരും. ഫോൺ ഹാക്ക് ചെയ്‌ത് തന്റെ ശേഖരത്തിൽ നിന്ന് അപൂർവ നാണയങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇയാൾ യുവാക്കളെ മർദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.
അറസ്റ്റിലായ ഇർഷാദ് കുറഞ്ഞ രക്തസമ്മർദ്ദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന തെർമിൻ ഉൻജക്ഷന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്തസമ്മർദ്ദം ഉയർത്തുന്നതിനും രക്തയോട്ടം വർധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നാണ് തെർമിൻ. ജിമ്മിൽ കൂടുതൽ വർക്കൗട്ട് ചെയ്യാൻ സഹായകമാവുമെന്ന് കാണിച്ചാണ് ഇയാൾ തെർമിൻ ഉപയോഗിച്ചിരുന്നത്.
ഞായറാഴ്ചയാണ് തനിക്ക് വീട്ടുടമയിൽ നിന്ന് ക്രൂരമർദ്ദനമേറ്റുവെന്ന് പറഞ്ഞ് തമന്നേ സുഭാഷ് പ്ളേസ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന്, പൊലീസുകാരോട് സംഭവം വിവരിക്കുന്നതിനിടെ തമന്നേ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് ഭിഷാം സിങ് പറഞ്ഞു.
അബോധാവസ്ഥയിലായ തമന്നേയെ ഉടൻ തന്നെ സമീപത്തെ ഭഗവാൻ മഹാവീർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ഫോൺ ചോർത്തലും അപൂർവ നാണയങ്ങൾ മോഷണവും ആരോപിച്ച് തമന്നേയെയും റൂംമേറ്റ് വീരേന്ദറിനെയും വീട്ടുടമസ്ഥനായ ഇർഷാദ് ബുധനാഴ്ചയും വ്യാഴാഴ്ചയും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചതായി സഹപ്രവർത്തകനായ നസീം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ, വെള്ളിയാഴ്ച രാവിലെ രക്ഷപ്പെട്ട ഇരുവരും തന്റെ വീട്ടിലെത്തിയതായി നസീം പറഞ്ഞു. പിന്നീട് കടുത്ത വയറുവേദയോടെ ഇരുവരും സമീപത്തെ വിവിധ ക്ളിനിക്കുകളിൽ ചികിത്സ തേടി.
അൾട്രാസൗണ്ട് പരിശോധനയിൽ കനത്ത ആന്തരിക രക്തസ്രാവം കണ്ടെത്തി, ഇതോടെയാണ് യുവാക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതെന്നും നസീം പറഞ്ഞു. ഇതിനിടെ, തമന്നേക്കൊപ്പം മർദനമേറ്റ വീരേന്ദർ ഭയന്ന് ബീഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടതായും നസീം പറഞ്ഞു. ഡൽഹിയിലും ഉത്തർപ്രദേശിലെ ഇറ്റാ, കാസ്ഗഞ്ച്, അലിഗഡ് എന്നിവയടക്കം പ്രദേശങ്ങളിലും നടത്തിയ പരിശോധനക്കൊടുവിൽ രോഹിണിയിൽ നിന്നാണ് ഇർഷാദ് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

