സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നൽകി; ബാർ മാനേജരെ തലക്ക് അടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
text_fieldsകൊച്ചി: എറണാകുളം പച്ചാളത്തെ ബാറിൽ നിന്നും ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നൽകിയതിന് ബാർ മാനേജരെ മർദിച്ച കേസിലെ പ്രതികളെ എറണാകുളം ടൗൺ നോർത്ത് പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി. തേവര മൈലോത്ത് വീട്ടിൽ ജോയൽ ചാക്കോ (23-ചെകുത്താൻ ജോൺസന്റെ മകൻ), പനമ്പള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്ലൻ (18), കോഴിക്കോട് പുതിയപ്പ മളികപ്പുരയിൽ വീട്ടിൽ വിഘ്നേഷ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റും പൊലീസ് കണ്ടെടുത്തു.
സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്. പച്ചാളത്തുള്ള ബാറിലെത്തിയ പരാതിക്കാരൻ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ കിടന്ന സമയം, പ്രതികൾ ഇയാളുടെ പോക്കറ്റിൽ നിന്നും പേഴ്സും ബുള്ളറ്റിന്റെ താക്കോലും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ച ഉടൻ എറണാകുളം നോർത്ത് പൊലീസ് ബാറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയി.
തുടർന്ന്, കഴിഞ്ഞദിവസം ബാറിന് പരിസരത്ത് വീണ്ടുമെത്തി ബഹളമുണ്ടാക്കിയ ജോയൽ, ബാറിനുള്ളിലേക്ക് കയറി മാനേജരെ തലയ്ക്ക് മർദിക്കുകയായിരുന്നു. 'നീ പൊലീസിന് ക്യാമറ ഫൂട്ടേജ് നൽകുമോ' എന്ന് ചോദിച്ചായിരുന്നു ആക്രമണം. മർദനത്തിൽ മാനേജർക്ക് സാരമായി പരിക്കേറ്റു. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രതികൾ സമീപത്തെ ചതുപ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മാനേജരുടെ പരാതിയിൽ ജോയലിനെതിരെ കൊലപാതകശ്രമത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ്, വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
ജോയലിനെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്തിയത് പനമ്പള്ളി നഗർ സ്വദേശിയായ അസ്ലമും കോഴിക്കോട് സ്വദേശിയായ വിഘ്നേഷുമാണെന്ന് വ്യക്തമായത്. തുടർന്ന് പനമ്പള്ളി നഗർ ഭാഗത്തുനിന്നും അസ്ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്നാം പ്രതിയായ വിഘ്നേഷിലേക്ക് എത്തിയത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതികൾ ആശയവിനിമയം നടത്തിയിരുന്നത് എന്നതിനാൽ ഇവരെ ട്രാക്ക് ചെയ്യുന്നതും വെല്ലുവിളിയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ ആലുവയിലുണ്ടെന്ന് വിവരം ലഭിക്കുകയും അവിടെ നിന്നും പുണെയിലേക്കുള്ള ട്രെയിനിൽ കയറിയതായി കണ്ടെത്തുകയും ചെയ്തു.
റെയിൽവേ പൊലീസിന്റെ സഹായത്തോടെ ട്രെയിൻ തൃശൂരിലെത്തിയപ്പോൾ വിഘ്നേഷിനെ സാഹസികമായി പിടികൂടുകയായിരുന്നു. മറ്റു രണ്ടു പ്രതികളെയും കൂട്ടി പുണെയിലേക്ക് രക്ഷപ്പെടാനായിരുന്നു വിഘ്നേഷിന്റെ പദ്ധതി. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമീഷണർ സിബി ടോമിന്റെ നിർദേശപ്രകാരം എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ അനൂപ് ചാക്കോ, ഇ.എം. ഷാജി, എസ്.സി.പി.ഒമാരായ അഖിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

