'ഒളിവിൽ താമസിച്ചത് ക്ഷേത്രങ്ങളിൽ, പ്രസാദം കഴിച്ച് മുന്നോട്ടുനീങ്ങി, ഫോൺ ഉപേക്ഷിച്ചു'; കർണാടകയിൽ സഹപാഠിയെ ഇരുമ്പ് വടി ഉപയോഗിച്ച് കൊലപ്പെടുത്തിയ ഒമ്പതാം ക്ലാസുകാരൻ പിടിയിൽ
text_fieldsബെല്ലാരി: റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ സഹപാഠിയെ കൊലപ്പെടുത്തുകയും എട്ട് പേരെ പരിക്കേൽപ്പിക്കുയും ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെല്ലാരിയിൽ മാർച്ച് ഏഴിനായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആക്രമണത്തിന് ശേഷം ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയ കുട്ടി വിവിധ ക്ഷേത്രങ്ങളിൽ താമസിച്ച് പ്രസാദം കഴിച്ചാണ് ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ഗുരുകുൽ ഇന്റർനാഷണൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെയാണ് ചെറിയ തർക്കത്തെ തുടർന്നുണ്ടായ ദേഷ്യത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥി മരിക്കുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റ് സംഭവത്തെ ഇരുമ്പ് വടി ഉപയോഗിച്ചുള്ള ആക്രമണമാണെന്ന് പറഞ്ഞെങ്കിലും കത്തികൊണ്ട് കുത്തിയതായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
'പ്രതി വിദ്യാർത്ഥികളിൽ ഒരാളുമായി വഴക്കുണ്ടാക്കി. എല്ലാവരും ഉറങ്ങിയ ശേഷം ഇരുമ്പ് വടി ഉപയോഗിച്ച് അവരെ ആക്രമിച്ചു. വഴക്കിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയില്ല. പിന്നീട് അവൻ ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയി' -പൊലീസ് പറഞ്ഞു.
പ്രതിയെ ബെല്ലാരി റൂറൽ പൊലീസാണ് ആദ്യം തിരിച്ചറിഞ്ഞത്. ബെല്ലാരി പട്ടണത്തിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും ജനവാസ മേഖലയിൽ നിന്നാണ് കുട്ടിയെ പിടികൂടിയത്.
"കുട്ടി ക്ഷേത്രങ്ങളിൽ താമസിച്ച് പ്രസാദം കഴിച്ചാണ് ജീവിച്ചിരുന്നത്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. മൊബൈൽ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വച്ചിരുന്നില്ല. അതിനാൽ ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു.
കുട്ടിയെ പിടികൂടിയ ശേഷം ഞങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) മുമ്പാകെ ഹാജരാക്കി. അവൻ ഇപ്പോഴും ഞെട്ടലിലും മാനസികാഘാതത്തിലുമായതിനാൽ കൗൺസിലർമാരും അവനോട് സംസാരിക്കുന്നുണ്ട്' -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) (കൊലപാതകം), 109 (കൊലപാതകശ്രമം), 118 (1) (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കൽ), 118 (2) (ഏതെങ്കിലും വിധത്തിൽ സ്വമേധയാ ഗുരുതരമായ പരിക്കേൽപ്പിക്കൽ), 125 (മനുഷ്യജീവനോ മറ്റുള്ളവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന അശ്രദ്ധമായ പ്രവൃത്തികൾ) എന്നീ വകുപ്പുകൾ പ്രകാരം വിദ്യാർത്ഥിക്കും സ്കൂൾ മാനേജ്മെന്റിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുട്ടിയെ തിരയുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

