ബാലഭാസ്കറിന്‍റെ മരണം: 16നകം വിശദീകരണം നൽകാൻ സി.ബി.ഐക്ക് കോടതിയുടെ അന്ത്യശാസനം
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിശദീകരണം നൽകാൻ ഒരു മാസം വേണമെന്ന സി.ബി.ഐ ആവശ്യം കോടതി തള്ളി. ജൂലൈ 16നകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ബാലഭാസ്കറിന്‍റെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന ചോദ്യം കോടതി ആവർത്തിച്ചു. അതിന് എന്ത് വിശദീകരണമാണ് സി.ബി.ഐക്ക് നൽകാനുള്ളതെന്ന് വ്യക്തമാക്കാൻ ഒരുമാസം നൽകാനാകില്ലെന്നും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ. രേഖ വ്യക്തമാക്കി.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഉത്തരവ് പറയാനിരിക്കെയാണ് ഫോണുകൾ പരിശോധിച്ചില്ലെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപെട്ടത്. വാഹനാപകടശേഷം കാറിൽനിന്ന് ലഭിച്ച മൂന്ന് മൊബൈൽ ഫോൺ മംഗലപുരം പൊലീസ് സ്റ്റേഷനിൽനിന്ന് ബാലഭാസ്കറിന്‍റെ മാനേജർ പ്രകാശൻ തമ്പി വാങ്ങിയിരുന്നു
. ഇവ പിന്നീട് ഡി.ആർ.ഐ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി-ഡിറ്റിൽ അന്വേഷണത്തിന് അയച്ചിരുന്നു. ഇതിന്‍റെ സർട്ടിഫിക്കറ്റ് വാങ്ങിക്കുകയോ സി.ബി.ഐ കുറ്റപത്രത്തിൽ പരാമർശിക്കുകയോ ചെയ്തിരുന്നില്ല. മാത്രവുമല്ല പ്രകാശൻ തമ്പി ബാലഭാസ്കറിന്‍റെ മാനേജരല്ലെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.
കുറ്റപത്രത്തിൽ മുഴുവൻ അസ്വാഭാവികതയുണ്ടെന്നും ഇതിനൊന്നും കൃത്യമായ വിശദീകരണം നൽകാൻ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. അന്വേഷണം ശരിയായ രീതിയിൽ നടത്താതിരുന്നതിനാലാണിതെന്ന് ബാലഭാസ്കറിന്‍റെ മാതാപിതാക്കൾ, സോബിൻ ജോർജ് എന്നിവരുടെ അഭിഭാഷകൻ വാദിച്ചു. മൊബൈൽ ഫോണിന്‍റെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നത് ശരിയാണെന്നും മൊബൈൽ സേവനദാതാക്കളോട് വിശദാംശങ്ങൾ തേടിയിരുന്നെന്നും സി.ബി.ഐ അഭിഭാഷകൻ വ്യക്തമാക്കി.
കോടതിയിൽ പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും രേഖാമൂലം സമർപ്പിച്ചാൽ പോരേയെന്നും കോടതി ആരാഞ്ഞു. എന്നാൽ, പ്രോസിക്യൂട്ടർക്ക് മലയാളം അറിയാത്തതിനാൽ ഹരജിക്കാരുടെ അഭിഭാഷകന്‍റെ വാദം പൂർണമായി മനസ്സിലാകാത്തത് കാരണം വിശദീകരണം നൽകാൻ ഒരുമാസമെങ്കിലും വേണമെന്നായിരുന്നു സി.ബി.ഐ ആവശ്യം. എന്നാൽ, കോടതി ഇതംഗീകരിച്ചില്ല.
സോബിയെ നുണപരിശോധന നടത്തിയെന്ന വാദം തെറ്റ്
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ചലച്ചിത്രതാരം സോബിയെ നുണപരിശോധനക്ക് വിധേയനാക്കിയെന്ന സി.ബി.ഐ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കോടതിയില്‍ സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. സോബിയെ നുണപരിശോധന നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ സി.ബി.ഐ സമ്മതിക്കുന്നത്.
രണ്ടുതവണ സോബിയെ നുണപരിശോധന നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സോബിയുടെ നട്ടെല്ലില്‍ ശസ്ത്രക്രിയ നടന്നിരുന്നതിനാല്‍ പരിശോധന ശ്രമം രണ്ടും പരാജയപ്പെട്ടു. ഗ്രാഫില്‍ ഇതിന്‍റെ വ്യക്തത ലഭിച്ചിരുന്നില്ല. അപകട ദിവസം പള്ളിപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടുവെന്നും ബാലഭാസ്കറിന്‍റേത് ആസൂത്രിത കൊലപാതകമാണെന്നും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ചിലരുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നെന്നുമായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ.
ബാലഭാസ്കറിന്‍റേത് അപകട മരണം തന്നെയാണെന്നും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നുമായിരുന്നു കോടതിയില്‍ സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട്. മാത്രമല്ല സോബിയെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെന്നും അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണെന്നും അയാള്‍ക്കെതിരെ കേസെടുക്കണമെന്നും കോടതിയോട് സി.ബി.ഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഒരു ആരോഗ്യപ്രശ്‌നവും ഇതുവരെ ഇല്ലെന്നാണ് സോബി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

