Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightന്യൂജൻ രാസലഹരി...

ന്യൂജൻ രാസലഹരി മരുന്നായ 'കാലിഫോർണിയ 9'മായി ബി.ടെക് വിദ്യാർഥി അറസ്റ്റിൽ

text_fields
bookmark_border
ashiq t suresh lsd stamp
cancel

കലൂർ: എറണാകുളം ടൗൺ പരിസരങ്ങളിൽ എറണാകുളം റേഞ്ച് എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ പിടിച്ചെടുത്തത് ഏറ്റവും മാരകമായ ഉന്മാദ ലഹരി. എറണാകുളം കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് കാലിഫോർണിയ 9 എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിയായ എൽ.എസ്.ഡി സ്റ്റാമ്പ് പിടിച്ചെടുത്തു. ഇടുക്കി കാഞ്ചിയാർ-പേഴുക്കണ്ടം സ്വദേശിയായ ബി.ടെക് വിദ്യാർഥി തെക്കേ ചെരുവിൽ വീട്ടിൽ ആഷിക്ക് ടി. സുരേഷിനെ (23) ഇൻസ്പെക്ടർ എം.എസ്. ഹനീഫയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഇയാളുടെ പക്കൽ നിന്ന് അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് സ്റ്റാമ്പ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈറ്റില ഭാഗത്ത് നിന്ന് എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ എൽ.എസ്.ഡി സ്റ്റാമ്പുമായി അറസ്റ്റിലായത്.

ബംഗളുരുവിൽ നിന്നും തപാൽ മാർഗമാണ് ഇയാൾ എൽ.എസ്.ഡി സ്റ്റാമ്പ് വരുത്തിയിരുന്നത്. സ്റ്റാമ്പ് ഒന്നിന് 2000 രൂപയ്ക്ക് വാങ്ങി 7000 രൂപയ്ക്ക് ഇയാൾ മറിച്ച് വിൽപ്പന നടത്തി വരുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം സമീപിച്ച് കൈയ്യോടെ പിടികൂടുകയായിരുന്നു.

ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയിൽ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇതുസംബന്ധമായ പ്രാഥമിക അന്വേഷണത്തിൽ ബംഗളൂരു പോലുള്ള സ്ഥലങ്ങളിൽ മാരകമായ ലഹരി മരുന്നുകൾ ഉൽപാദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിങ്ങ് യൂനിറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ നിന്ന് ബംഗളുരുവിൽ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.

വകുപ്പിന്റെ സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പകളുടെ സഹകരണത്തോടെയും ഇത് സംബന്ധമായ സമഗ്രാന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസർജിക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത്. നിലവിൽ 20 ഓളം ബ്രാൻഡ് നെയിമുകളിലും വ്യത്യസത രൂപങ്ങളിലും ഇത് വില്പന നടത്തി വരുന്നു.

ലൈസർജിക് ആസിഡ് സ്റ്റാമ്പുകൾ ലോകത്തിലാകെ 124 ഇനമുണ്ട്. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്. സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത്. 360 മൈക്രോഗ്രാം ലൈസർജിക്ക് ആസിഡ് കണ്ടൻറുള്ള സ്റ്റാമ്പാണ് പിടികൂടിയത്. 36 മണിക്കൂർ വരെയാണ് ഇതിന്റെ വീര്യം.

അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റം ആണ്. നേരിട്ട് നാക്കിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഇവ ഒരെണ്ണം 36 മണിക്കൂർ ഉന്മാദ അവസ്ഥയിൽ നിർത്താൻ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ടത് ആണ്.

നാക്കിലും ചൂണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അൽപ്പം കൂടിപ്പോയാൽ തന്നെ ഉപയോക്താവ് മരണപ്പെടാൻ സാധ്യതയുണ്ട്. അസി. ഇൻസ്‌പെക്ടർമാരായ കെ.ആർ. രാം പ്രസാദ്, കെ.വി. ബേബി, പ്രിവന്റീവ് ഓഫീസർ ഋഷികേശൻ കെ.യു, സുരേഷ് കുമാർ എസ്, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി അജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോമോൻ, ജിതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
TAGS:lsd stamp California 9 drug case 
News Summary - B.Tech student arrested with California-9 chemical drug
Next Story