പി.എസ്.സിയുടെ വ്യാജനിയമന ഉത്തരവ് നിർമിച്ച യുവതി അറസ്റ്റിൽ
text_fieldsകൊല്ലം: പി.എസ്.സിയുടെ വ്യാജ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും നിർമിച്ച യുവതി അറസ്റ്റിൽ. മയ്യനാട് വാളത്തുംഗൽ ‘ഐശ്വര്യ’യിൽ ആർ. രാഖിയെ ആണ് (25) കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് ലഭിച്ച നിയമന ഉത്തരവ് വ്യാജമാണോ എന്നത് അന്വേഷിക്കാനെന്ന് പറഞ്ഞ് ജില്ല പി.എസ്.സി ഓഫിസിൽ എത്തിയ രാഖിയും ഭർത്താവും ബഹളമുണ്ടാക്കുകയും രേഖകൾ കൃത്യമായി കാണിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ ഇവരെ അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു.
പൊലീസിന്‍റെ പ്രാഥമിക പരിശോധനയിൽ ഉത്തരവും അഡ്വൈസ് മെമ്മോയും വ്യാജമാണെന്ന് കണ്ടെത്തിയതോടെ യുവതിയെ അറസ്റ്റ് ചെയ്തു. ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദത്തിൽ ചെയ്തതാണെന്നാണ് യുവതിയുടെ മൊഴി. യുവതി കുടുംബത്തെ ഉൾപ്പെടെ കബളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായതിനാൽ ഭർത്താവിനെയും ബന്ധുക്കളെയും വിട്ടയച്ചു. 2022 ആഗസ്റ്റ് ഒന്നിന് ഇറങ്ങിയ എൽ.ഡി ക്ലർക്ക് ലിസ്റ്റിൽ 22ാം റാങ്കുകാരിയാണെന്നും റവന്യൂ വകുപ്പിൽ നിയമന ഉത്തരവ് ലഭിച്ചെന്നും അവകാശപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് രാഖി ജോലിക്ക് കയറാൻ ശ്രമിച്ചത്.
ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് വ്യക്തമാകുന്ന നിയമന ഉത്തരവാണ് ഹാജരാക്കിയത്. അഡ്വൈസ് മെമ്മോയുടെ ഒറിജിനൽ കാണിക്കാൻ ജില്ല പി.എസ്.സി ഓഫിസർ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനിടെ ഭർത്താവ് ബഹളം വെച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അധികൃതർ ഓഫിസിന്‍റെ ഗേറ്റ് പൂട്ടി. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ രേഖകൾ വ്യാജമായി താൻ നിർമിച്ചതാണെന്ന് യുവതി സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

