മോഷണശ്രമം: രണ്ടുപേർ പിടിയിൽ
text_fieldsമലപ്പുറം: മോഷണത്തിനായി പദ്ധതിയിട്ട രണ്ട് പ്രതികളെ ആയുധസഹിതം മലപ്പുറം പൊലീസ് പിടികൂടി. പെരിന്തൽമണ്ണ അരക്കുപറമ്പ് കണ്ടമംഗലത്ത് വീടിൽ മോഹൻകുമാർ (26), മമ്പാട് താഴത്തങ്ങാടി പത്തായകടവൻ വീട്ടിൽ മുഹമ്മദ് ഷബീബ് (35) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി മലപ്പുറം എം.എസ്.പി ക്യാമ്പിന് സമീപത്തുനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. മലപ്പുറത്തും പരിസരത്തും വൻ മോഷണത്തിനായി പദ്ധതിയിട്ടിരുന്നതായി പ്രതികൾ മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കും എതിരെ മഞ്ചേരി, നിലമ്പൂർ, കൊളത്തൂർ, വണ്ടൂർ, പാലക്കാട് ജില്ലയിലെ നാട്ടുകൽ പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസ് നിലവിലുണ്ട്.
മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ജോബി തോമസ്, എസ്.ഐമാരായ വി. അമീറലി, അബ്ദുന്നാസിർ, എ.എസ്.ഐ സിയാദ് കോട്ട, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജു, ഹാരിസ് ആലുംതറയിൽ, ഉസ്മാൻ, സുഷമ, സിവിൽ പൊലീസ് ഓഫിസർമാരായ ദിനു, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.