പെട്രോൾ പമ്പിൽ വീണ്ടും മോഷണശ്രമം; മൂന്നംഗസംഘം അറസ്റ്റിൽ
text_fieldsഅബ്ദുൽ ലത്തീഫ്, ഷെരീഫ്, മുഹമ്മദ് ഇക്ബാൽ
അഞ്ചാലുംമൂട്: രണ്ടര മാസം മുമ്പ് മോഷണം നടത്തിയ പെട്രോൾ പമ്പിൽനിന്ന് വീണ്ടും പണം അപഹരിക്കാനുള്ള ശ്രമത്തിനിടെ വയോധികരായ മോഷ്ടാക്കൾ പിടിയിൽ. ആലപ്പുഴ കാഞ്ഞിരംചിറമുറി തെക്കേ നാര്യനാട് കനാൽ വാർഡിൽ ബംഗ്ലാവ് പറമ്പിൽ ഷെരീഫ് (60), മണ്ണാഞ്ചേരി കണ്ണന്തറ വെളിയിൽ വീട്ടിൽ മുഹമ്മദ് ഇക്ബാൽ (60), കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി ചാമ പറമ്പിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (74) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാലുംമൂട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ പെട്രോൾ പമ്പിൽനിന്നും മേയ് ഏഴിന് 43,525 രൂപ മോഷണം പോയിരുന്നു. രാവിലെ 11ഓടെ കുപ്പിയുമായി പെട്രോൾ വാങ്ങാനെന്ന വ്യാജേന പമ്പിലെത്തിയ മൂവർ സംഘത്തിലെ ഒരാൾ കുപ്പിയിൽ പെട്രോൾ വാങ്ങുകയും മറ്റു രണ്ടുപേർ പമ്പിന്‍റെ ഐലൻഡിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണം വിടവിലൂടെ കൈകടത്തി മോഷ്ടിക്കുകയുമായിരുന്നു. സംഭവത്തിലെ പ്രതികളെക്കുറിച്ച് തുമ്പ് കിട്ടാതെ തുടരുന്നതിനിടയിൽ ശനിയാഴ്ച വൈകീട്ട് ഈ സംഘം വീണ്ടും ഇതേ പമ്പിൽ എത്തി സമാന രീതിയിൽ മോഷണം നടത്താൻ ശ്രമം നടത്തി. ഇതു ശ്രദ്ധയിൽപെട്ടതോടെ പമ്പ് മാനേജറും ജീവനക്കാരും ഇവരെ തടഞ്ഞുവെച്ചു. തുടർന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. മുമ്പ് മോഷണം നടന്ന ദിവസത്തിലെ സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ ഇവർ മൂന്നുപേരുംതന്നെയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്.
അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫിസർ ചുമതല വഹിക്കുന്ന എസ്.ഐ റഹീമിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അബ്ദുൽ ഹക്കീം, രാജേന്ദ്രൻപിള്ള, ജയചന്ദ്രൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു, നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

