യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsകിളികൊല്ലൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഒളിവില്‍ പോയ രണ്ടുപേര്‍ അറസ്റ്റില്‍. കിളികൊല്ലൂര്‍ ചാമ്പക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ പ്രജോഷ് (33), കൊറ്റങ്കര പേരൂര്‍ റഹിയാനത്ത് മന്‍സിലില്‍ വിഷ്ണു (24) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞ ആഗസ്റ്റ് 18ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. കിളികൊല്ലൂര്‍ സ്വദേശിയായ മണികണ്ഠന് സുഹൃത്തുമായി കിളികൊല്ലൂര്‍ അപ്പൂപ്പന്കാവിലേക്കുള്ള റോഡിലൂടെ നടന്നുപോകുമ്പോള്‍ പിടിയിലായവരുള്പ്പെടെയുള്ള അക്രമിസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതികളായ രാജേഷ്, പട്ടര് രാജീവ് എന്ന രാജീവ്, ഷിഹാസ്, സച്ചു, മുഹമ്മദ് റാഫി എന്നിവര്‍ പിടിയിലായിരുന്നു. ആക്രമണത്തിനുശേഷം പ്രതികള്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
തമിഴ്നാട്ടിലെ നാഗൂരില്നിന്ന് കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
അസി. കമീഷണര്‍ ജി.ഡി വിജയകുമാറിെൻറ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്, എസ്.ഐമാരായ അനീഷ്, ശ്രീനാഥ്, സന്തോഷ്, എ.എസ്.ഐ ജിജു, സി.പി.ഒ ഷാജി, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.