ബാറിലെ തർക്കത്തെ തുടർന്ന് കൊലപാതകശ്രമം: പ്രതി അറസ്റ്റിൽ
text_fieldsകിളിമാനൂർ: ബാറിലെ തർക്കത്തെത്തുടർന്നുണ്ടായ കൊലപാതക ശ്രമത്തിൽ പ്രതി അറസ്റ്റിലായി. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയെന്ന് പള്ളിക്കൽ പൊലീസ് പറഞ്ഞു. നാവായിക്കുളം, വെട്ടിയറ, നീതു നിവാസിൽ കിച്ചു എന്ന നിതിൻ (24) ആണ് പിടിയിലായത്.
ഈമാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭംവം. പൊലീസ് പറയുന്നതിങ്ങനെ; സംഭവദിവസം പ്രതിയും സലിം എന്നയാളും കല്ലമ്പലം ഫാർമസി ജംങ്ഷനിലുള്ള ബാറിൽ വച്ച് വാക്കുതർക്കം ഉണ്ടാവുകയും സലിമിൻ്റെ മൊബൈൽ ഫോൺ നിതിൻ പിടിച്ച്പറിച്ച് കൊണ്ടുപോവുകയും ചെയ്തു. ഈ മൊബൈൽ ഫോൺ തിരികെ വാങ്ങാനായി പ്രതിയുടെയും സലിമിൻ്റെയും സുഹൃത്തായ വിപിനുമൊത്ത് പോളച്ചിറ അപ്പൂപ്പൻ കാവിനടുത്തുള്ള തെങ്ങിൻ പുരയിടത്തിൽ എത്തിയപ്പോഴാണ് സംഭംവം.
സലിമുമായി വാക്കേറ്റത്തിലായ പ്രതി കത്തി ഉപയോഗിച്ച് ഇയാളുടെ തുടയിലും വയറ്റിലും കുത്തുകയായിരുന്നു. തുടയി ൽ ശക്തമായി കുത്തിയതിനാൽ കാലിൻ്റെ പ്രധാന ഞരമ്പ് മുറിഞ്ഞ് സലിമിൻ്റെ ബോധം നഷ്ടപ്പെട്ടു. കോൺക്രീറ്റ് പണിക്കിടെ സലിമിൻ്റെ തുടയിൽ കമ്പി തുളച്ചുകയറിയെന്ന് പറഞ്ഞ് പ്രതിയുടെ സുഹൃത്തുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് സലിമിന് ബോധം തെളിഞ്ഞപ്പോഴാണ് സംഭവം പുറത്തായത്.
തുടർന്ന് പള്ളിക്കൽ പൊലീസിൽ പരാതി നൽകി. ഈ സമയം പ്രതി രക്ഷപ്പെട്ടിരുന്നു. പള്ളിക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ചവർകോടുള്ള ഒഴിഞ്ഞവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പത്തോളം കൊലപാതക ശ്രമകേസുകളിലും ബോംബേറ് കേസിലെയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം പൊലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽപെട്ട പ്രതിയെ ഭയന്നാണ് പ്രദേശവാസികൾ കഴിഞ്ഞിരുന്നത്. ബാറിലെ പിടിച്ചുപറിക്ക് കല്ലമ്പലം പൊലീസും കേസെടുത്തിട്ടുണ്ട്.
സലിമിനെ കുത്താനുപയോഗിച്ച കത്തിയും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെടുത്തു. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ .എം ബാബു, സി.പി.ഒമാരായ അജിസ്, ഷമീർ, ജയപ്രകാശ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.