വാഹനം ഇടിച്ചുവീഴ്ത്തി വധശ്രമം: അഞ്ച് യുവാക്കൾ അറസ്റ്റിൽ
text_fieldsഅനന്ദകൃഷ്ണൻ, അരുൺ, ജിജോ, മഹേഷ്, വിപിൻ
കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ വാഹനം ഇടിച്ചുവീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. അശമന്നൂർ തെക്കേപ്പാലേലി വിപിൻ (36), അശമന്നൂർ നൂലേലി മന്ത്രിക്കൽ ജിജോ (30), നൂലേലി ഇടത്തോട്ടിൽ മഹേഷ് (42), നൂലേലി പൊക്കാപ്പറമ്പത്ത് അനന്തകൃഷ്ണൻ (ശ്യാം -28), നൂലേലി കുന്നുമ്മേൽ അരുൺ ചന്ദ്രൻ (കണ്ണൻ -38) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയിൽ രാത്രി ഇളമ്പ്ര പാലായത്തുകാവ് ജങ്ഷനിൽ ഇരുമലപ്പടി സ്വദേശി അഷ്റഫിന് നേരെയാണ് ആക്രമണമുണ്ടായത്. അഷ്റഫ് ഇടനില നിന്ന് വാഹനം പണയത്തിന് നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അഷ്റഫിനെ പിക്അപ് വാഹനത്തിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽപോയ സംഘത്തെ തെങ്കാശിയിൽനിന്നുമാണ് പിടികൂടിയത്. എസ്.ഐമാരായ മാഹിൻ സലിം, സി.എം. മുജീബ്, സി.പി.ഒമാരായ പി.എം. അജിംസ്, സനൽ വി. കുമാർ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.