വധശ്രമം: ആറ് ബി.ജെ.പി പ്രവർത്തകർക്ക് എട്ടുവർഷം കഠിന തടവ്
text_fieldsചാർളി, പ്രബിൻ, രാഹുൽ, സിനിൽദാസ്, ശാന്തൻ
എരുമപ്പെട്ടി: വധശ്രമകേസിൽ ബി.ജെ.പി പ്രവർത്തകരായ ആറുപേർക്ക് എട്ട് വർഷവും എട്ടുമാസവും കഠിന തടവും 5,000 രൂപ വീതം പിഴയും. തിച്ചൂര്‍ സ്വദേശികളായ കോരുവാരുമുക്കില്‍ പ്രവീണ്‍ (പ്രബിന് ഗോപി (35), കോരുവാരുമുക്കില്‍ രാഹുല്‍ (30), പൊന്നുംകുന്ന് കോളനി ശാന്തന് (45), കോഴികുന്ന് കോളനി സിനില്‍ദാസ് (സുനി -32), അമ്പലത്തടവിള വീട്ടില്‍ ചാര്‍ളി (53) എന്നിവരെയാണ് തൃശൂര്‍ രണ്ടാം അഡീഷനല്‍ അസി. സെഷന്‍സ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്.
2012 മാര്‍ച്ച് നാലിന് വൈകീട്ട് 6.30ന് തിച്ചൂർ എട്ടാംമാറ്റ് സെന്ററിലാണ് സംഭവം. തിച്ചൂർ ഐരാണി ക്ഷേത്രത്തിലെ ഉത്സവത്തിൽ ശിങ്കാരി മേളത്തിലേക്ക് ഒന്നാം പ്രതി പ്രവീണ്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് കയറ്റി. സി.പി.എം പ്രവർത്തകർ ഇത് തടഞ്ഞതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകരുമായി തർക്കമുണ്ടായി. ഈ വിരോധത്തെ തുടർന്ന് പിരിഞ്ഞുപോവുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിക്കാർ പിന്തുടർന്ന് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
സി.പി.എം പ്രവർത്തകരായ തിച്ചൂര്‍ പാതിരാപ്പിള്ളി വീട്ടില്‍ രാധാകൃഷ്ണന്, മണികുന്നില്‍ സജീഷ്, വാഴക്കപ്പറമ്പ് സുന്ദരന്‍ എന്നിവരെ പ്രതികള്‍ ഇരുമ്പ് പൈപ്പ്, വാൾ, കയ്മഴു എന്നിവ ഉപയോഗിച്ച് അക്രമിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ രാധാകൃഷ്ണനും സുന്ദരനും സി.ഐ.ടി.യു യൂനിയന്‍ തൊഴിലാളികളും സജീഷ് സി.പി.എം പ്രവര്‍ത്തകനും ഇപ്പോള്‍ വരവൂര്‍ പഞ്ചായത്ത് അംഗവുമാണ്.
എരുമപ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം സി.ഐ ആയിരുന്ന ബാബു കെ. തോമസാണ് കുറ്റപത്രം സമർപ്പിച്ചത്. നാലാം പ്രതി ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. വിവേകാനന്ദന്, അഭിഭാഷകരായ രചന ഡെന്നി, കെ.കെ. ശിശിര, പഞ്ചമി പ്രതാപന് എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

