ചന്ദനം വെട്ടിക്കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsവനപാലകർ പിടികൂടിയ ചന്ദനവും പ്രതികളും
കുമളി: കൃഷിയിടത്തിൽനിന്ന് ചന്ദനം മുറിച്ചുവിറ്റ ഉടമയും വാങ്ങാനെത്തിയ ആളും പിടിയിൽ. ഡൈമുക്ക് എട്ടേക്കർ പുതുവൽ ഭാഗത്ത് മണലിൽ വീട്ടിൽ കുഞ്ഞുമോൻ (45), ചന്ദനം വാങ്ങാനെത്തിയ ചെല്ലാർകോവിൽ ഒന്നാം മൈൽ ഭാഗം കൊണ്ടൊത്തറയിൽ വീട്ടിൽ തോമസ് (48) എന്നിവരെയാണ് ചന്ദനവും ആയുധങ്ങളുമായി കുമളി ചെല്ലാർകോവിൽ സെക്ഷനിലെ വനപാലകർ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
കുഞ്ഞുമോന്‍റെ ഉടമസ്ഥയിലുള്ള സ്ഥലത്തുനിന്ന് മുറിച്ച ചന്ദനം ഓട്ടോയിൽ കടത്തുന്നതിനിടെ വണ്ടിപ്പെരിയാർ വാളാർഡിക്കു സമീപത്തുവെച്ചാണ് വനപാലകർ വാഹനവും മൂന്ന് കഷണം ചന്ദനവും പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എട്ടേക്കർ പുതുവൽ ഭാഗത്ത് മുറിച്ച ചന്ദനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ചെല്ലാർകോവിൽ സെക്ഷനിലെ വനപാലകരായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി.കെ. വിനോദ്, വി.എസ്. മനോജ്, എസ്. പ്രസീദ്, വിജയകുമാർ, ബി.എഫ്.ഒമാരായ മഞ്ചേഷ്, സതീശൻ, ഷൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത ചന്ദനത്തിന് അര ലക്ഷത്തിലധികം രൂപ വില വരും. മുമ്പും ഇവിടെനിന്ന് ചന്ദനം മുറിച്ചുകടത്തിയതായും തമിഴ്നാട് അതിർത്തിയിലെത്തിച്ച് കിലോക്ക് 1500 രൂപ നിരക്കിൽ കച്ചവടം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായതായി വനപാലകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

