പഞ്ചായത്ത് അംഗത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം ആലത്തിയൂർ സ്വദേശി അറസ്റ്റിൽ
text_fieldsതിരൂർ: തൃപ്രങ്ങോട് പഞ്ചായത്ത് മെംബറെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച പ്രതിയെ സഹപ്രവർത്തകരും നാട്ടുകാരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൃപ്രങ്ങോട് പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗവും യൂത്ത് ലീഗ് നേതാവുമായ ഷൗക്കത്ത് കുന്നത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ ആലത്തിയൂർ കറുത്തേടത്ത് സുൽഫിക്കറിനെ (32) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ തൃപ്രങ്ങോട് പഞ്ചായത്ത് ഓഫിസ് പരിസരത്താണ് സംഭവം. ഉച്ചക്ക് ശേഷം പഞ്ചായത്തിന് മുമ്പിൽ പാർക്ക് ചെയ്ത ഷൗക്കത്തിന്റെ ബൈക്ക് ഒരു കാരണവുമില്ലാതെ ഇയാൾ തട്ടിയിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത ഷൗക്കത്തിനോട് പ്രതി തട്ടിക്കയറുകയും പൊലീസിന് പരാതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ വിഷയം വഷളാവാതിരിക്കാൻ ഷൗക്കത്ത് സംഭവ സ്ഥലത്തുനിന്ന് പോകുകയായിരുന്നു.
ആലിങ്ങൽ പള്ളിയിലെ നമസ്കാരത്തിനു ശേഷം പുറത്തിറങ്ങിയ ഷൗക്കത്തിന് നേരെ പ്രതി വീണ്ടുമെത്തി പ്രശ്നമുണ്ടാക്കുകയും കൈയിൽ കരുതിയ പെട്രോൾ പ്രതി ഷൗക്കത്തിന് ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. തുടർന്ന് തന്റെ കൈയിൽ ഉണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് ഷൗക്കത്തിനെ തീകൊളുത്താൻ ശ്രമിച്ചതോടെ മറ്റൊരു പഞ്ചായത്ത് അംഗം മുനീറും പഞ്ചായത്തിലെ വാഹനത്തിന്റെ ഡ്രൈവർ കുഞ്ഞുവും ഓടിക്കൂടിയ മറ്റുള്ളവരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഇവരുടെ പെട്ടെന്നുള്ള ഇടപെടൽ മൂലമാണ് ദുരന്തം ഒഴിവായത്. തുടർന്ന് തിരൂർ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുകയും ചെയ്തു. പ്രതിയുമായി തനിക്ക് യാതൊരു മുൻപരിചയം പോലുമില്ലെന്ന് ഷൗക്കത്ത് കുന്നത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

