മോഷ്ടിച്ച ബൈക്കുകൾ വില്‍ക്കാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ
text_fieldsരഞ്ജു പി. കുഞ്ഞുമോൻ
അടൂർ: മോഷ്ടിച്ച ബൈക്കുമായി പഴകുളത്തെ ആക്രി വില്‍പനക്കടയിൽ എത്തിയ മോഷ്ടാക്കളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം പുലമൺ പാറക്കടവ് രഞ്ജു ഭവനം വീട്ടിൽ രഞ്ജു പി. കുഞ്ഞുമോൻ (24), പ്രായപൂർത്തിയാകാത്ത പള്ളിക്കൽ സ്വദേശി എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ട് പിടികൂടിയത്. ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാഹനത്തിന്‍റെ രേഖകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാക്കൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിൽ തോന്നിയ സംശയമാണ് ഇവരെ കുടുക്കിയത്. ഇരുവരെയും തന്ത്രപൂർവം നിർത്തിയ ശേഷം കടയുടമ പൊലീസിൽ വിവരം അറിയിച്ചു. ഇവർ വിൽക്കാനായി കൊണ്ടുവന്ന ബജാജ് ഡിസ്കവർ ബൈക്ക് പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിൽ, കടയുടെ സമീപത്തുനിന്ന് റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ വ്യാജ നമ്പർ പ്ലേറ്റുമായി കണ്ടെത്തി.
എൻഫീൽഡ് ബൈക്ക് കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും ഡിസ്കവർ മോട്ടോർ സൈക്കിൾ കൊട്ടാരക്കര സ്റ്റേഷൻ പരിധിയിൽനിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി. കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വാഹന മോഷണ കേസുകളിൽ ഇവർക്ക് പങ്കുള്ളതായി ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടു.
രാത്രി കറങ്ങിനടക്കുന്ന ഇവർ മോഷ്ടിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരുത്തി ആക്രിക്കടകളിൽ എത്തിച്ച് വിൽപന നടത്തുകയാണ് പതിവ്. കിട്ടുന്ന പണം മദ്യപാനത്തിനും ലഹരിവസ്തുക്കൾ വാങ്ങാനും ആഡംബര ജീവിതം നയിക്കാനും ഉപയോഗിക്കും. അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്‌പെക്ടർമാരായ വിപിൻ കുമാർ, അനിൽ കുമാർ, സിവിൽ ഓഫിസർമാരായ സൂരജ് ആർ. കുറുപ്പ്, എം. നിസാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

