എ.ടി.എം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമം; അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsഹരിറാണ
അടൂർ: ഹൈസ്കൂൾ ജങ്ഷനു സമീപത്തെ ഫെഡറൽ ബാങ്ക് എ.ടി.എം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ ബലേഷ്യർ ജില്ല, ഗജീപുർ ചന്ദനേശ്വർ, ഗൗര ഹരി റാണ (36) യെയാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 19ന് രാത്രിയാണ് സംഭവം. എ.ടി.എമ്മിന്‍റെ മുൻവശത്തെ സി.സി ടി.വി കാമറകളും അലാറവും വിച്ഛേദിച്ച ശേഷം എ.ടി.എമ്മിനുള്ളിൽ കടന്ന് മുൻ വാതിൽ നശിപ്പിച്ച് പണം അവഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇയാൾ കടന്ന് കളയുകയായിരുന്നു. രാത്രി എ.ടി.എമ്മിൽ പണമെടുക്കാനെത്തിയവർ വിവരം പൊലീസിൽ അറിയിച്ചു.
പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പ്രതി ഇതര സംസ്ഥാനക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തും തൊഴിൽ ക്യാമ്പുകളിലും അന്വേഷണം നടത്തി. ഇതേതുടർന്നാണ് അടൂരിലുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.