ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനും കാമുകിക്കും ഏഴുവർഷം കഠിനതടവ്
text_fieldsതിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴുവർഷം കഠിനതടവ്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി, കാമുകിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ഭർത്താവ് താമസിപ്പിച്ചതറിഞ്ഞ് ചോദ്യം ചെയ്യാനായി വീട്ടിലേക്കുവന്നപ്പോൾ ഭർത്താവും കാമുകിയും കൂടി പൊട്ടാസ്യം പെർമാഗനേറ്റ് വായിലേക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.
അയിരൂർ, ചാവർകോട് കാരുണ്യയിൽ നളൻ (59), കാമുകിയായ പുളിമാത്ത്, പാറവിളവീട്ടിൽ സുജാത (59) എന്നിവരെയാണ് ഏഴു വർഷം കഠിനതടവിനും 50,000 രൂപ പിഴ ശിക്ഷയും തിരുവനന്തപുരം അഡീ. ജില്ല ജഡ്ജി എം.പി. ഷിബു വിധിച്ചത്.
2015 ജനുവരി യിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പഞ്ചായത്ത് മെമ്പറായിരുന്ന ചെമ്മരുതി, കോവൂർ അരശുവിള നയനവിലാസത്തിൽ ഗീതാ നളനെ (52)യാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവിന്റെ ദുർനടപ്പിനെ തുടർന്ന് പിണങ്ങി കുടുംബവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു ഭാര്യയും മക്കളും.
ഭർത്താവ് കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് അയൽക്കാർ വിളിച്ചുപറഞ്ഞതനുസരിച്ച് അത് ചോദ്യം ചെയ്യാനായി വീട്ടിലേക്കുവന്ന സമയം വീട്ടിലുണ്ടായിരുന്ന പ്രതികൾ യുവതിയെ ചീത്തവിളിക്കുകയും വീട്ടിൽനിന്ന് ഇറക്കിവിടാനും ശ്രമിച്ചു. അതിനെ എതിർത്ത ഗീതാ നളനെ, കാമുകി കഴുത്തിനു കുത്തിപ്പിടിപ്പ് വായ തുറപ്പിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന പൊടി രൂപത്തിലുള്ള പൊട്ടാസ്യം പെർമാഗനേറ്റ് ഭർത്താവ് യുവതിയുടെ വായിലേക്ക് ഇടുകയും ചെയ്തു.
വായക്കകത്ത് ഗുരുതരമായ പൊളളലേറ്റ് ബോധരഹിതയായ ഗീതാ നളനെ വിവരം അറിഞ്ഞെത്തിയ മക്കളും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ അടുത്തുള്ള വർക്കലയിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ച് അടിയന്തര ചികിത്സ നൽകി ജീവൻ രക്ഷിക്കുകയായിരുന്നു. യുവതിയെ ഇത്രയും മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതികൾക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരുവർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
വർക്കല പൊലീസ് ഇൻസ്പെക്റായിരുന്നു ബി. വിനോദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഡ്വ. ബിന്ദു.വി.സി. എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

