ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsസച്ചു, സുജിത്
നേമം: തമ്പാനൂർ കെ.എസ്.ആർ.ടി.സി പ്രീ-പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർമാരായ നേമം എസ്റ്റേറ്റ് വാർഡിൽ പൂഴിക്കുന്ന് മണിയൻ നിവാസിൽ സുജിത് (34), വിളപ്പിൽ ചെറുകോട് നെടുമങ്കുഴി അപ്സര ഭവനിൽ സച്ചു (31) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. തമ്പാനൂർ ചൈത്രം ഹോട്ടലിന് മുൻവശം ഓട്ടോ ഒതുക്കി വീട്ടിലേക്ക് പോകാനായി നിന്ന കാരയ്ക്കാമണ്ഡപം സ്വദേശി അഷ്റഫിനെ പ്രതികൾ ഉൾപ്പെട്ട നാലംഗ സംഘം ക്രൂരമായി മർദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ് ആർ, എസ്.ഐമാരായ അരവിന്ദ്, മനോജ് കുമാർ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ എബിൻ ജോൺസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവിൽപോയ മറ്റ് രണ്ട് പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

