പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാറിടിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsവിഷ്ണു, അക്ഷയ്
തിരുവല്ല: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ തിരുവല്ല പൊലീസിന്റെ പിടിയായി. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽവീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് പിടിയിലായത്. കോയിപ്രം സ്വദേശിയായ 28കാരിക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ട് 6.45ഓടെ തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപമായിരുന്നു സംഭവം. വിഷ്ണുവും യുവതിയും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുമ്പ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതി മാതൃസഹോദരിയുടെ വീട്ടിലാണ് കുറേക്കാലമായി താമസിക്കുന്നത്. പതിവുപോലെ ജോലിക്ക് പോയി മടങ്ങും വഴി മദ്യലഹരിയിൽ കാറിൽ എത്തിയ വിഷ്ണു യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ശരീരമാസകലം പരിക്കേറ്റ യുവതിയെ സമീപവാസികൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ തലക്ക് ഉൾപ്പെടെ കാര്യമായ പരിക്കേൽക്കുകയും വലതുകൈക്ക് പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ വെള്ളിയാഴ്ച വൈകീട്ടോടെ കുറ്റപ്പുഴയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

