പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsഷൈജു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കിഴുവിലം മുടപുരം പൊയ്കവിള മേലാരുവിള വീട്ടിൽ ഷൈജുവിനെയാണ് (32) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്നുമുക്കിനു സമീപത്തുവെച്ച്, ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടികളെ പ്രതി തടഞ്ഞുനിർത്തി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പെൺകുട്ടികൾ അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു.
മുമ്പ് പലതവണ ഇയാൾ പെൺകുട്ടികളെ കാറിൽ പിന്തുടർന്നിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാൾക്കെതിരെ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലും പോക്സോ കേസുണ്ട്. കഴക്കൂട്ടം സൈബർ സിറ്റി എസ്.എച്ച്.ഒ ഹരി സി.എസിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, സി.പി.ഒമാരായ സജാദ്ഖാൻ, ബിനു, നാസിമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

