വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ഹെൽമറ്റ് ധാരികളെത്തിയത് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ
text_fieldsതുവ്വൂർ: സ്കൂളിലേക്കുള്ള വഴിയിൽ 11കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തുവ്വൂർ മരുതത്ത് കോഴിപ്പാടൻ അനീസിെൻറ മകൻ അജ്നാസിനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ അപായപ്പെടുത്താൻ ശ്രമിച്ചത്. തറക്കൽ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ അജ്നാസ് ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുംവഴി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴാണ് ഹെൽമറ്റ് ധാരികളായ രണ്ടുപേർ ബൈക്കിൽ പിന്നാലെയെത്തിയത്. മിഠായി വാങ്ങാനെന്ന് പറഞ്ഞ് 500 രൂപയുടെ നോട്ട് ഇവർ നീട്ടിയെങ്കിലും അജ്നാസ് വാങ്ങാൻ കൂട്ടാക്കിയില്ല.
ഇതോടെ ബലമായി പിടിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിച്ചപ്പോൾ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് അജ്നാസ് പറയുന്നു. കഴിഞ്ഞ ദിവസം അജ്നാസിനെയും കൂട്ടുകാരനെയും അജ്ഞാതൻ പിന്തുടർന്നിരുന്നുവത്രേ. പിതാവ് അനീസ് നൽകിയ പരാതിയിൽ കരുവാരകുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുമ്പ് കരുവാരകുണ്ട് കണ്ണത്തും സമാന സംഭവമുണ്ടായിരുന്നു.

