യുവതിയുടെ മൃതദേഹം കാട്ടിൽ തള്ളാൻ ശ്രമം; ഭർത്താവും കൂട്ടുകാരും അറസ്റ്റിൽ
text_fieldsമരിച്ച നങ്കിദേവി, ഭർത്താവ് രാകേഷ് കുമാർ, സുഹൃത്തുക്കളായ സത്വീർ, വികാസ്
മംഗളൂരു: വീട്ടിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം കാട്ടിൽ തള്ളാൻ ശ്രമിക്കുന്നതിനിടെ, ഭർത്താവും കൂട്ടുകാരും വനംവകുപ്പിന്റെ പിടിയിലായി. ഹരിയാന സിർസ ജില്ലയിൽ ഭാംപൂർ സ്വദേശിയും മൈസൂരു കുംബാരകൊപ്പൽ നിവാസിയുമായ നങ്കിദേവിയുടെ (45) മൃതദേഹവുമായി സഞ്ചരിച്ച ഭർത്താവ് രാകേഷ് കുമാർ, സുഹൃത്തുക്കളായ വികാസ്, സത്വീർ എന്നിവരെയാണ് കുടക് സിദ്ധാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കുടക് മാൽദാരെ-ലിംഗപുര ഫോറസ്റ്റ് ചെക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ, ശനിയാഴ്ച പുലർച്ചെയാണ് വനം ഉദ്യോഗസ്ഥർ ഹരിയാന രജിസ്ട്രേഷൻ ഓൾട്ടോ കാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവും രണ്ട് സുഹൃത്തുക്കളും ചേർന്ന് കാട്ടിൽ തള്ളാൻ കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിദ്ധാപുര-മടിക്കേരി റൂട്ടിലെ കൊടും കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു മൂവരുടെയും ലക്ഷ്യമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
മൂന്ന് പുരുഷന്മാരും സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. സ്ത്രീ ഉറങ്ങുകയാണെന്ന് യാത്രക്കാർ പറഞ്ഞെങ്കിലും പരിശോധനയിൽ മൃതദേഹമാണെന്ന് മനസ്സിലായി. മൈസൂരുവിൽ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം പൊലീസ് ഇടപെടൽ ഒഴിവാക്കാൻ വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയായിരുന്നെന്ന് സിദ്ധാപുര സബ്-ഇൻസ്പെക്ടർ മഞ്ജുനാഥ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എട്ടോടെ, രാകേഷ് ജോലിസ്ഥലത്തായിരുന്നപ്പോൾ തർക്കത്തിനിടെ നങ്കിദേവി അയാളെ വിളിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന്, കാൾ വിച്ഛേദിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. വാടക വീട്ടിലെത്തിയ രാകേഷ് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തി. ശ്വാസം നിലച്ചിട്ടില്ലാത്തതിനാൽ വീട്ടുടമസ്ഥൻ ഭജൻ ലാൽ മൈസൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തന്റെ കാർ വിട്ടുകൊടുത്തു.
എന്നാൽ, രാകേഷും സുഹൃത്തുക്കളും മടിക്കേരിയിലേക്കാണ് കാറോടിച്ചത്. കുമ്പാരക്കൊപ്പൽ നിന്ന് പുറപ്പെടുമ്പോഴേക്കും നങ്കിദേവി മരിച്ചിരുന്നത്രെ. ഇടതൂർന്ന വനപ്രദേശമാണ് ഹുൻസൂർ-മാൽദാരെ. പക്ഷേ, പ്രതികൾക്ക് വനംവകുപ്പിന്റെ ചെക്പോസ്റ്റിനെക്കുറിച്ച് അറിയില്ലായിരുന്നു. അതിനാൽ പിടിവീണു. വഴിയിൽ നിർത്തി മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
പുലർച്ചെ ഒന്നരയോടെ വീട്ടുടമസ്ഥൻ ഭജൻ ലാൽ രാകേഷിനെ വിളിച്ചപ്പോൾ നങ്കിദേവിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. രാകേഷ് നങ്കിദേവിയുടെ രണ്ടാമത്തെ ഭർത്താവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദ്യ ഭർത്താവ് രാംകുമാർ ഹരിയാനയിൽ അസുഖബാധിതനായി കഴിയുന്നുണ്ട്. ഒന്നര വർഷം മുമ്പ് യുവതി മരപ്പണിക്കാരനായ രാകേഷിനൊപ്പം ഒളിച്ചോടി മൈസൂരുവിലേക്ക് താമസം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

