നഗരമധ്യത്തിൽ യുവതിയെ ആക്രമിക്കാൻ ശ്രമം
text_fieldsകോട്ടയം: നഗരമധ്യത്തിൽ യുവതിയെ അക്രമിക്കാൻ ശ്രമം. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ജനറൽ ആശുപത്രിക്ക് എതിർവശത്തെ എസ്.ബി.ഐ ബാങ്കിന് സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. ഇവിടെയുള്ള ഹോസ്റ്റലിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ സമീപത്തുള്ളവരും ആശുപത്രി എയ്ഡ് പോസ്റ്റ് ജീവനക്കാരും ഓടിയെത്തിയെങ്കിലും ആക്രമിക്കാൻ ശ്രമിച്ചയാൾ ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ മറ്റൊരു യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി വെസ്റ്റ് പൊലീസിൽ ഏൽപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ ഇയാളല്ലെന്ന് കണ്ടെത്തിയതായി വെസ്റ്റ് എസ്.ഐ പറഞ്ഞു. കഴിഞ്ഞ ദിവസം പകൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീട്ടമ്മമാരെ കടന്നുപിടിച്ച സംഭവത്തിനു പിന്നാലെയാണ് വെള്ളിയാഴ്ചയും സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായത്. ഇടറോഡുകളിൽ വെളിച്ചമില്ലാത്തത് കാരണം സാമൂഹിക വിരുദ്ധരുടെ ശല്യം ദിനംപ്രതി വർധിച്ചുവരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.