സ്വർണപ്പണയ സ്ഥാപന ഉടമയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഘം പിടിയിൽ
text_fieldsകോവളം: വിഴിഞ്ഞം ഉച്ചക്കടയിൽ സ്വർണപ്പണയ സ്ഥാപനയുടമയായ വയോധികനെ ബൈക്കിടിപ്പിച്ചശേഷം ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണവും മൂന്നേമുക്കാൽ ലക്ഷം രൂപയും തട്ടിയെടുത്ത് കടന്ന സംഭവത്തിൽ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീൻ (28), കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീത് (34), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും മോഷണ മുതൽ ഉപയോഗിച്ച് പ്രതികളിലൊരാളായ ഗോകുൽ പണയമായെടുത്ത ബൈക്കും കസ്റ്റഡിയിലെടുത്തു.
പിടിയിലായവരുടെ കൂട്ടാളികളായ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 27ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുകൃത ഫൈനാൻസ് നടത്തുന്ന കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ പദ്മകുമാറിൽ(60)നിന്നാണ് സംഘം പണവും സ്വർണവുമടങ്ങിയ ബാഗ് തട്ടിയെടുത്തത്. വട്ടവിള ജങ്ഷനിലെ സ്വർണപ്പണയ സ്ഥാപനം പൂട്ടിയശേഷം ജ്യേഷ്ടസഹോദരനായ മോഹൻകുമാറിനൊപ്പം തൊട്ടകലെയുള്ള വീട്ടിലേക്ക് നടന്നുപോകവെയായിരുന്നു ആക്രമണവും കവർച്ചയും.
ഫോർട്ട് അസി.കമീഷണർ എസ്. ഷാജി, വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ കെ.എൽ. സമ്പത്ത്, ജി. വിനോദ്, ലിജോ പി. മണി, പ്രസാദ്, സീനിയർ സി.പി.ഒ സെൽവരാജ്, സി.പി.ഒ പ്രകാശ്, രാമു, ലജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.