മുത്തശ്ശിയെ ആക്രമിച്ച് ജയിലിലായി; ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം
text_fieldsഅഖിൽ
ചന്ദ്രൻ
കായംകുളം: മുത്തശ്ശിയെ ആക്രമിച്ചതിന് ജയിലിലായ കൊച്ചുമകൻ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ആക്രമണം നടത്തി. വള്ളികുന്നം കടുവുങ്കൽ മണിമന്ദിരത്തിൽ അഖിൽ ചന്ദ്രനാണ് (26) മുത്തശ്ശി മീനാക്ഷി അമ്മയെ (92) ക്രൂരമായി ആക്രമിച്ചത്. കമ്പിവടി കൊണ്ട് തലക്ക് അടിയേറ്റ മീനാക്ഷിയമ്മയെ സാരമായ പരിക്കുകളോടെ വള്ളികുന്നം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ ചന്ദ്രനെ അറസ്റ്റ് ചെയ്തു.
ഇവർ രണ്ടുപേരുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മുത്തശ്ശിയെ നിരന്തരം അക്രമിക്കുക പതിവായിരുന്നു. രണ്ട് മാസം മുമ്പ് മദ്യ ലഹരിയിൽ ഇയാൾ മീനാക്ഷിയമ്മയെ അക്രമിച്ച സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ റിമാൻഡിലായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റിലായ വൈരാഗ്യത്തിൽ വീണ്ടും ആക്രമണം നടത്തിയത്.

