ദമ്പതികളെ ആക്രമിച്ച കേസിൽ നാലുപേര്‍ അറസ്റ്റിൽ
text_fieldsഅൻജിത്, സൂര്യൻ, വിപിൻ, ആദിഷ്
കോട്ടയം: വീട്ടിൽ അതിക്രമിച്ചുകയറി അന്തർസംസ്ഥാന ദമ്പതികളെ ആക്രമിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേളൂർ മാണിക്കുന്നം ഭാഗത്ത് പുതുവാക്കൽ വീട്ടിൽ അൻജിത് പി.അനിൽ (22), കോട്ടയം താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്ത് കാവുങ്കൽ പറമ്പ് വീട്ടിൽ എസ്.സൂര്യൻ (23), വേളൂർ എസ്.എൻ.ഡി.പി ശ്മശാനം ഭാഗത്ത് പനച്ചിത്തറ വീട്ടിൽ വിപിൻ ജോസഫ് ഫിലിപ് (22), വേളൂർ ബി.എസ്.എൻ.എൽ ഓഫിസിന് സമീപം പുറക്കടമാലിയിൽ ആദിഷ് പി.എ (20) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രി സാധനങ്ങൾ വാങ്ങി ഉപജീവനം നടത്തുന്ന പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം ദമ്പതികള്‍ വാടകക്ക് താമസിക്കുന്ന വീടിന് സമീപത്തായി ഇരുന്ന് പ്രതികൾ മദ്യപിച്ച് ബഹളംവെച്ചിരുന്നു. ഇക്കാര്യം ദമ്പതികൾ വീട്ടുടമസ്ഥനെ അറിയിക്കുകയും ചെയ്തു. ഇതിലുള്ള വിരോധംമൂലം പ്രതികൾ സന്ധ്യയോടുകൂടി ദമ്പതികളുടെ വീട്ടിലെത്തി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്ഥലത്തുനിന്ന് പോയ പ്രതികൾ രാത്രിയിൽ വീണ്ടും തിരിച്ചെത്തി വീട്ടിൽ അതിക്രമിച്ചുകയറി, ജനൽച്ചില്ലുകൾ തല്ലിത്തകർക്കുകയും വീട്ടിലെ ഫർണിച്ചറുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു.
തുടർന്ന് ദമ്പതികളെ ഇരുവരെയും കല്ലുകൊണ്ട് ഇടിക്കുകയും മർദിക്കുകയും ചെയ്തു. അതിനുശേഷം ദമ്പതികള്‍ ശേഖരിച്ചു വെച്ചിരുന്ന ആക്രി സാധനങ്ങൾ അടിച്ചുതകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഒളിവില്‍ കഴിഞ്ഞ ഇവരെ പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത്കുമാർ, എസ്.ഐ കെ. ജയകുമാർ ,കെ.പി. മാത്യു, എ.എസ്.ഐ അനീഷ് വിജയൻ, ബിനു രവീന്ദ്രൻ, സി.പി.ഒമാരായ ദിലീപ് വർമ, ജോർജ് എ.സി, ലിബു ചെറിയാൻ, വിജയ് ശങ്കർ, ഷെജിമോൻ, ഷൈൻ തമ്പി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

