ഗാനമേളക്കിടെ യുവാക്കളെ ആക്രമിച്ചവർ പിടിയിൽ
text_fieldsഹരിപ്പാട്: ഗാനമേളക്കിടെ സഹോദരങ്ങളെ അടക്കം മൂന്നു യുവാക്കളെ കുത്തിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പള്ളിപ്പാട് കരിപ്പുഴ നാലുകെട്ടും കവല കോളനിയിൽ പ്രേംജിത് (അനി -30), പള്ളിപ്പാട് ചെമ്പടി വടക്കത്തിൽ സുധീഷ് (28) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയിലാണ് സംഭവം. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38), സഹോദരൻ സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് കുത്തേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. പ്രതികൾ രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ആക്രമണത്തിൽ മറ്റ് മൂന്നുപേർക്കു കൂടി പങ്കുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, എസ്.ഐ ശ്രീകുമാരക്കുറുപ്പ്, എ.എസ്.ഐ നിസാർ, പൊലീസ് ഉദ്യോഗസ്ഥരായ നിഷാദ്, സുരേഷ്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.