ലൈൻമാനെ ആക്രമിച്ച സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ
text_fieldsമാന്നാർ: ബില്ല് അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സി.ഐ.ടി.യു പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. മാന്നാർ വൈദ്യുതി ഓഫിസിലെ ലൈൻമാൻ മുഹമ്മ കാവുങ്കൽ വീട്ടിൽ ഉത്തമനെ (56) ആക്രമിച്ച കേസിൽ മാന്നാർ കുരട്ടിശ്ശേരി പാവുക്കര തോലംപടവിൽ വീട്ടിൽ ടി.ജി. മനോജിനെയാണ് മാന്നാർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സി.ഐ.ടി.യു മാന്നാർ ഏരിയ ജോയന്റ് സെക്രട്ടറിയും സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗവുമാണ് മനോജ്. എ.ഐ.ടി.യു.സി യൂനിയൻ അംഗമാണ് പരിക്കേറ്റ ഉത്തമൻ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ബിൽ തുക അടക്കാനുള്ളതിനെ തുടർന്നാണ് മാന്നാർ വൈദ്യുതി ഓഫിസ് ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത്ത് എന്നിവർ മനോജിന്റെ വീട്ടിലെത്തിയത്. വൈദ്യുതി ചാർജ് അടക്കാത്ത കാര്യം സൂചിപ്പിച്ച് മീറ്ററിനടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ മനോജ് ഓടിയെത്തി ഉത്തമന്റെ കൈപിടിച്ച് തിരിക്കുകയും മർദിക്കുകയും ചെയ്തതായാണ് പരാതി. ഉത്തമന്റെ കൈയിലിരുന്ന മൊബൈൽ ഫോൺ വാങ്ങി ഇയാൾ നിലത്തെറിയുകയും വീട്ടിനുള്ളിൽനിന്ന് വെട്ടുകത്തിയെടുത്ത് എത്തിയതോടെ മൂവരും ഓടി രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ ഉത്തമൻ മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഉത്തമന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. വൈദ്യുതി ചാർജ് അടക്കാൻ മൂന്ന് തവണ ഫോണിൽ അറിയിച്ചിട്ടും ഇതിന് കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് ഫ്യൂസ് ഊരാൻ എത്തിയതെന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ മാന്നാറിൽ പ്രകടനവും ധർണയും നടത്തി.