കാറിൽ പോയ കുടുംബത്തെ ആക്രമിച്ചു; അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ നിജിൽ, അർജുൻ, ആരോമൽ, വിധുകൃഷ്ണൻ
പറവൂർ: കാറിൽ വിമാനത്താവളത്തിലേക്ക് പോയ കുടുംബത്തെ യുവാക്കൾ ആക്രമിച്ചു. കാറിലുണ്ടായ പന്ത്രണ്ടുകാരന് ഗുരുതര പരിക്കേറ്റു. മദ്യലഹരിയിൽ അഴിഞ്ഞാടിയ യുവാക്കൾ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ദേശീയപാത 66-ൽ മുനമ്പം കവലയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച കാറിനെ കുടുംബം സഞ്ചരിച്ച കാർ മറികടന്നതു സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പറയുന്നു. കൊടുങ്ങല്ലൂർ വെളിപ്പറമ്പ് സ്വദേശി ഇസ്ഹാക്കിനെ ഖത്തറിലേക്ക് യാത്രയയക്കാൻ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കുടുംബം.
യുവാക്കളുടെ കാറിനെ മറികടന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും കാർ മുനമ്പം കവലയിൽ തടഞ്ഞിടുകയും ചെയ്തു. തുടർന്ന് യുവാക്കൾ കാറിലുണ്ടായിരുന്നവരെ ക്രൂരമായി മർദിക്കുകയായിരുന്നു. കാറിെൻറ ചില്ല് കല്ലെറിഞ്ഞ് തകർത്തു. ഇവർ എറിഞ്ഞ കല്ല് നെറ്റിയിൽ കൊണ്ട് കാറിലുണ്ടായിരുന്ന സഹൽ എന്ന പന്ത്രണ്ടുകാരന് ഗുരുതര പരിക്കേറ്റു. കൊടുങ്ങല്ലൂർ എടവിലങ്ങ് വെലിപ്പറമ്പിൽ ബഷീർ, ഭാര്യ ബീന, മകൻ യൂനുസ് (15) ബന്ധുക്കളായ അഫ്‌സൽ, നിഹാൽ എന്നിവർക്കും മർദനമേറ്റു. കേൾവിശക്തിയില്ലാത്ത ബീനയുടെ ഇയർഫോൺ നശിപ്പിക്കുകയും മുടിക്കുത്തിന് പിടിച്ച് മർദിക്കുകയും ചെയ്തതായി ബഷീർ പറഞ്ഞു. വാഴക്കായുടെ തണ്ട് ഉൾപ്പെടെ ഉപയോഗിച്ച് പലവട്ടം യുവാക്കൾ കുടുംബത്തെ റോഡിലിട്ട് മർദിച്ചു. എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ച സഹലിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. ദേശീയപാതയിൽ ഗതാഗതവും സ്തംഭിച്ചു.
പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. സംഭവവുമായി ബന്ധപ്പെട്ട്ചിറ്റാറ്റുകര സ്വദേശികളായ അർജുൻ (19), ആരോമൽ (19),വിധുകൃഷ്ണൻ (21), നിഖിൽ ( 20) എന്നിവരെയും ഒരു പതിനാറുകാരനെയും അറസ്റ്റ് ചെയ്തു. ഇവർ നിരവധി കേസുകളിലെ പ്രതികളാണ്. ഇസ്ഹാക്കിനെ മറ്റൊരു കാറിലാണ് വിമാനത്താവളത്തിൽ എത്തിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.