സ്വകാര്യ ബസിൽ ആക്രമണം രണ്ടുപേർക്ക് വെട്ടേറ്റു; അഞ്ചു പേർ അറസ്റ്റിൽ
text_fieldsരണ്ടു പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അറസ്റ്റിലായവർ
പുൽപള്ളി: സ്വകാര്യ ബസിൽ വെച്ച് വാക്കുതർക്കത്തിനിടെ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇരുളം സ്വദേശികളായ നിജു (36), സുരേന്ദ്രൻ (57) എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പുൽപള്ളി എരിയ പള്ളിയിൽ വെച്ചാണ് ആക്രമണം. കേസിൽ ഇരുളം കോളനിയിലെ അപ്പു (21), കുട്ടൻ (33), ശിവൻ (25), സുധി (24), സുബീഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെയിന്റിങ്, കോൺക്രീറ്റ് തൊഴിലാളികളായ നിജു, സുരേന്ദ്രൻ എന്നിവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബസിൽ വെച്ചുണ്ടായ വാക്കു തർക്കമാണ് വെട്ടിൽ കലാശിച്ചത്. നിജുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേന്ദ്രൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൈക്കാണ് ഇരുവർക്കും വെട്ടേറ്റത്. കവുങ്ങുകയറ്റ തൊഴിലാളികളാണ് അറസ്റ്റിലായ അഞ്ചുപേരും.

