മത്സ്യവ്യാപാരിയെ വെട്ടി യുവാവ് ആറ്റിൽ ചാടി
text_fieldsനാസറിനെ വെട്ടിയശേഷം നീലിമംഗലം ആറ്റിൽചാടിയ
യുവാവിനെ അനുനയിപ്പിച്ച് കരക്കുകയറ്റാൻ ശ്രമിക്കുന്ന
അഗ്നിശമനസേനാംഗങ്ങൾ
ഗാന്ധിനഗർ (കോട്ടയം): മത്സ്യവ്യാപാരിയായ ഗൃഹനാഥനെ വെട്ടി പരിക്കേൽപിച്ച് യുവാവ് ആറ്റിൽ ചാടി. കോട്ടയം സംക്രാന്തി വടക്കേക്കുറ്റ് നാസറിനാണ് (61) വെട്ടേറ്റത്. നാസറിെൻറ അയൽവാസി ചെട്ടിയോടത്ത് എബിയെ (29) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സ്കൂട്ടറിൽ മത്സ്യവ്യാപാരത്തിനുശേഷം വീട്ടുമുറ്റത്തെത്തിയ നാസറിനെ, അസഭ്യം പറഞ്ഞെത്തിയ എബി അകാരണമായി തലക്ക് വെട്ടുകയായിരുന്നു. വലതുകൈ കൊണ്ടു തടഞ്ഞതിനാൽ, തലക്ക് സാരമായ മുറിവ് ഉണ്ടായില്ല. കൈ വിരലിന് മുറിവേറ്റു. ഉടൻ തന്നെ ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. പൊലീസെത്തിയപ്പോൾ ഓടിയ എബി നീലിമംഗലം ഭാഗത്ത് മീനച്ചിലാറ്റിൽ ചാടി.
ആറ്റിൽ നിലയുറപ്പിച്ച എബിയെ ഫയർഫോഴ്സിെൻറ സഹായത്തോടെ ഗാന്ധിനഗർ പൊലീസ് പിടികൂടുകയായിരുന്നു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. നാസറിെൻറ പരിക്ക് ഗുരുതരമല്ലാത്തതിനാൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു.