വനിത ഡോക്ടർക്കും നഴ്‌സിനും നേരെ ആക്രമണം: പ്രതികൾ പിടിയിൽ
text_fieldsആറ്റിങ്ങൽ: വനിതഡോക്ടർക്ക് നേരെ അതിക്രമം. രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെൻററിലെ ഡോ. ജയശാലിനിക്ക് നേരെയാണ് രണ്ട് യുവാക്കൾ അസഭ്യം ചൊരിഞ്ഞ് അതിക്രമം നടത്തിയത്. ആറ്റിങ്ങൽ ചരുവിള പുത്തൻവീട്ടിൽ സെബിൻ(33), മണനാക്ക് അർഷാദ് മൻസിലിൽ അനസ്(27) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. കൈയിൽ മുറിവുമായാണ് സെബിനും കൂട്ടുകാരനും ആശുപത്രിയിൽ എത്തിയത്. ഇവർ മദ്യപിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. എങ്ങനെയാണ് മുറിവുണ്ടായതെന്ന ഡോക്ടറുടെ ചോദ്യമാണ് യുവാക്കളെ ചൊടിപ്പിച്ചത്. സെബിൻ അസഭ്യം വിളിക്കുകയും ചെരിപ്പ് കാലുകൊണ്ടുതന്നെ ഡോക്ടർക്ക് നേരെ എറിയുകയുമായിരുന്നു. ഡോക്ടർ ഒഴിഞ്ഞുമാറിയതിനാൽ ഏറ് നഴ്സായ മഞ്ജുവിന് കൊണ്ടു. ഡോക്ടറുടെ പരാതിയെ തുടർന്നാണ് ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.