കഞ്ചാവ് വിൽപനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ആക്രമണം; ഒരാൾക്ക് കുത്തേറ്റു
text_fieldsഇരവിപുരം: കഞ്ചാവ് വിൽപനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരേയുണ്ടായ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘത്തിൽപെട്ട ഒരാളെ കഞ്ചാവുമായി പിടികൂടി. കുത്തിപ്പരിക്കേൽപിച്ച ശേഷം ഉദ്യോഗസ്ഥെൻറ മൊബൈലുമായാണ് അക്രമി കടന്നത്. ഇയാൾക്കായി ഇരവിപുരം പൊലീസും, എക്സൈസും തിരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച ഉച്ചക്ക് കൂട്ടിക്കട ജങ്ഷന് കിഴക്ക് ആലുംമൂട് റോഡിലെ കലുങ്ങിനടുത്തായിരുന്നു സംഭവം.
ഇവിടം കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വ്യാപാരം നടക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ എത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.
സംഭവമറിഞ്ഞ് ചാത്തന്നൂർ എക്സൈസ് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് ഒരാളെ പിടികൂടിയത്. മുഖത്തും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ സിവിൽ എക്സൈസ് ഓഫിസറെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അസി.എക്സൈസ് കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിവരശേഖരണം നടത്തി. ചാത്തന്നൂർ എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ രാഹുൽ ആർ. രാജിനാണ് പരിക്കേറ്റതെന്നാണ് വിവരം. കഞ്ചാവുമായി പിടിയിലായിട്ടുള്ളയാൾ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നാണറിയുന്നത്.