എക്സൈസ് സംഘത്തെ ആക്രമിച്ച സംഭവം: പ്രതികള് റിമാൻഡിൽ
text_fieldsപിടിയിലായ പ്രതികൾ
കൊല്ലം: മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരത്ത് ലഹരിഗുളിക വിൽപന സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്ക് എത്തിയ എക്സൈസ് സംഘത്തെ അക്രമിച്ച മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി മുണ്ടയ്ക്കൽ വില്ലേജിൽ പുതുവൽപുരയിടംവീട്ടിൽ സുജിത്ത് (28-പാക്കരൻ ), മൂന്നാം പ്രതി കൊല്ലം വെസ്റ്റ് സെഞ്ച്വറി നഗർ 140ൽ ലെനിൻ ബോസ്കോ(47), നാലാം പ്രതി മുണ്ടയ്ക്കൽ പുതുവൽ പുരയിടം വീട്ടിൽ അജിത്ത്( 22) എന്നിവരാണ് റിമാൻഡിലായത്. രക്ഷപ്പെട്ട ഒന്നാം പ്രതി മുണ്ടയ്ക്കൽ പുതുവൽപുരയിടംവീട്ടിൽ രതീഷ് എന്ന ലാറ(25) ഉൾപ്പെടെ ബാക്കി ഏഴ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കൈവശം െവച്ചതിന് എൻ.ഡി.പി.എസ് നിയമപ്രകാരവും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് റിമാൻഡിലായ മൂന്നുപേർക്കും രതീഷിനുമെതിരെ കേസെടുത്തത്. ബാക്കിയുള്ള ആറുപേർക്കെതിരെ എക്സെസ് സംഘത്തിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേെസടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ തങ്കശ്ശേരി പോർട്ട് റോഡിന് സമീപമാണ് ഒമ്പതംഗ എക്സൈസ് സംഘത്തിനെതിരെ അക്രമണമുണ്ടായത്.
മയക്കുമരുന്ന് ഗുളികൾ വിൽപന നടത്തുകയായിരുന്ന ഒന്നാം പ്രതി രതീഷിനെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടാൻ ശ്രമിക്കവെയാണ് ആക്രമണം ഉണ്ടായത്. നാൽപതിലേറെ ലഹരിഗുളികകൾ ഇയാളിൽനിന്ന് കണ്ടെടുത്തു. മൂന്നുപേർ പിടിയിലായപ്പോൾ രതീഷിനെ സഹോദരന്മാരായ സുധീഷ്, ഗിരീഷ് എന്നിവരും സനോഫർ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.
കൊല്ലം നഗരത്തിൽ വിദ്യാർഥികൾക്കുൾപ്പെടെ മയക്കുമരുന്ന് എത്തിക്കുന്ന സംഘമാണ് ഇവരെന്നാണ് എക്സൈസ് പറയുന്നത്. പ്രിവന്റിവ് ഓഫിസർ പ്രസാദ് കുമാർ, സി.ഇ.ഒമാരായ ശ്രീനാഥ്, നിധിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, ഡ്രൈവർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

