ജീപ്പിലെത്തിയ സംഘത്തിന്‍റെ ആക്രമണത്തിൽ അമ്മക്കും മകനും പരിക്ക്, അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
ബദിയടുക്ക: ജീപ്പിലെത്തിയ ക്രിമിനൽ സംഘത്തിന്‍റെ ആക്രമണത്തിൽ അമ്മക്കും മകനും പരിക്കേറ്റു. സംഭവത്തിലെ അഞ്ചുപ്രതികളെയും പൊലീസ് കൈയോടെ പിടികൂടി. ബദിയടുക്ക അപ്പർ ബസാറിലാണ് സംഭവം. അപ്പർ ബസാറിൽ താൽക്കാലിക ഷെഡ് നിർമിച്ച് മത്സ്യക്കച്ചവടം നടത്തുന്ന അനിൽകുമാറിനെ (36) ജീപ്പിലെത്തിയ സംഘം മർദിക്കുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാൻ, കൂടെയുണ്ടായിരുന്ന അമ്മ ചെന്നതോടെ ഇവർക്കും മർദനമേറ്റു.
വിവരമറിഞ്ഞെത്തിയ ബദിയടുക്ക പൊലീസാണ് സംഘത്തെ ഉടൻ പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. മായിപ്പാടി സ്വദേശികളായ രാഘവേന്ദ്ര പ്രസാദ്, പുരന്തരഷെട്ടി, ബാലചന്ദ്ര, കർണാടക പുത്തൂറിലെ അക്ഷയ്, ബണ്ട്വാൾ സ്വദേശി ഗുരുപ്രസന്ന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബദിയടുക്കയിൽ കഴിഞ്ഞദിവസം അനിൽ കുമാറിന്റെ ബന്ധുവിന്‍റെ വിവാഹം നടന്നിരുന്നു.
ഇതിനിടയിൽ രാഘവേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അക്രമമെന്നാണ് പൊലീസ് നിഗമനം. വധശ്രമത്തിന് കേസടുത്ത പൊലീസ്, പ്രതികളെ കോടതിയിൽ ഹാജരാക്കി.